രണ്ടാം ഘട്ട ഭാരത് ജോഡോ യാത്രക്ക് ഒരുങ്ങുകയാണ് കോൺഗ്രസ്. ഈ വർഷം ഡിസംബറിനും 2024 ഫെബ്രുവരിക്കും ഇടയിൽ നടത്താനാണ് സാധ്യതയെന്നാണ് അറിയുന്നത്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 2.0 വേറിട്ട രീതിയിലായിരിക്കും നടത്തുക. ജാഥയിൽ കാൽനടയായും വാഹനങ്ങൾ ഉപയോഗിച്ചും പ്രവർത്തകർ പങ്കെടുക്കും.ഭാരത് ജോഡോ യാത്രയുടെ ആദ്യ ഘട്ടം 2022 സെപ്റ്റംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് ആരംഭിച്ചത്. ഏകദേശം 4,080 കിലോമീറ്റർ ദൂരം പിന്നിട്ട യാത്ര 2023 ജനുവരിയിൽ ജമ്മു കശ്മീരിലെ ശ്രീനഗറിൽ സമാപിച്ചു. 126 ദിവസങ്ങൾ കൊണ്ട് 12 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെയാണ് ഏറ്റവും ദൈർഘ്യമേറിയ കാൽനടയാത്ര കടന്നുപോയത്. യാത്രയുടെ ഭാഗമായി ഇന്ത്യയിലെ സംസ്ഥാനങ്ങളിലുടനീളം സംഘടിപ്പിച്ച പൊതു റാലികളിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും താഴെത്തട്ടിലുള്ള ജനങ്ങളുമായി സംവാദിച്ചു.
രാഹുൽ ഗാന്ധി നയിച്ച യാത്രയുടെ പ്രാഥമിക ലക്ഷ്യം കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്നതായിരുന്നു. തൊഴിലില്ലായ്മ, അസമത്വം എന്നിവയും മറ്റ് സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങൾ മനസ്സിലാക്കുകയും അത് പരിഹരിക്കുകയും ചെയ്യുക എന്നതുമായിരുന്നു.കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം സെപ്റ്റംബറിൽ നടത്തിയ ഒരു വാർത്താസമ്മേളനത്തിൽ പാർട്ടി രണ്ടാം ഘട്ട യാത്ര ആസൂത്രണം ചെയ്യുന്നുണ്ടെന്നും പദ്ധതി ആലോചനയിലാണെന്നും സൂചിപ്പിച്ചിരുന്നു. ആദ്യത്തേത് തെക്ക് നിന്ന് വടക്കോട്ടുള്ള യാത്രയായതിനാൽ, രണ്ടാംഘട്ടം കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് നടത്തണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തെ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഫ്ളാഗ് ഓഫ് ചെയ്തത്. 2024ലെ തിരഞ്ഞെടുപ്പിൽ തങ്ങളുടെ സാധ്യതകൾ മെച്ചപ്പെടുത്താനുള്ള കോൺഗ്രസിെൻറ തന്ത്രമാണ് അഞ്ചുമാസം നീണ്ട യാത്ര.