ടെൽ അവീവ്: ഇസ്രായേൽ – ഹമാസ് യുദ്ധത്തിന് ശേഷം ഗാസയുടെ സുരക്ഷാ ചുമതല ഇസ്രായേൽ ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സുരക്ഷാ ചുമതലയുടെ കാലയളവിനെ പറ്റി ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗാസയുടെ സുരക്ഷ ചുമതല ഇസ്രായേൽ ഏറ്റെടുത്തില്ലെങ്കിൽ അതി ഭീകരമായ രീതിയിലായിരിക്കും ഇവിടെ ഹമാസ് ആക്രമണം നടത്തുക. എ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്.
അതേസമയം, ഗാസയിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിനും സാധാരണക്കാർക്ക് പുറത്ത് കടക്കുന്നതിനും വേണ്ടി ഏറ്റുമുട്ടലുകൾക്ക് ചെറിയ ഇടവേളകൾ നൽകുന്ന കാര്യം പരിഗണിക്കുമെന്ന കാര്യവും ഇസ്രായേൽ പ്രധാനമന്ത്രി അറിയിച്ചു. അവശ്യ വസ്തുക്കൾ കൈമാറുന്നതിനും, മേഖലയിൽ കുടുങ്ങി കിടക്കുന്നവർക്ക് പുറത്തെത്തുന്നതിനുമായി ഒരു മണിക്കൂർ, രണ്ട് മണിക്കൂർ വരെ ദൈർഘ്യമുള്ള മാനുഷിക ഇടവേളകൾ നൽകുന്ന കാര്യമാണ് പരിഗണനയിലുളളത്. എന്നാൽ വെടിനിർത്തൽ നടപ്പാക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ ഗാസയിലെ നിരവധി ഹമാസ് കേന്ദ്രങ്ങൾ ഇസ്രായേൽ തകർത്തു. കഴിഞ്ഞ ദിവസം മാത്രം 450ഓളം ഹമാസ് കേന്ദ്രങ്ങളാണ് ഐഡിഎഫ് വ്യോമാക്രമണത്തിലൂടെ തകർത്തത്. ഇവയിൽ ഹമാസിന്റെ നിരീക്ഷണ പോസ്റ്റുകളും പരിശീലന ക്യാമ്പുകളും ഉൾപ്പെടുന്നു. കൂടാതെ ഒക്ടോബർ ഏഴിന് നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരനെയും നിരവധി ഭീകരരെയും ഐഡിഎഫ് വകവരുത്തി. ഞായറാഴ്ച നടന്ന ഐഡിഎഫ് ആക്രമണത്തിൽ സെൻട്രൽ ക്യാമ്പ് ബ്രിഗേഡിന്റെ കമാൻഡർമാരിൽ ഒരാളായ വെയ്ൽ അസീഫയെയും ഐഡിഎഫ് വധിച്ചു.