മലിനീകരണം എന്നത് വലിയൊരു പ്രശ്നമായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. കാലാവസ്ഥ വ്യതിയാനത്തിലും മറ്റും ഇത് കാര്യമായി പ്രകടമാവുകയും ചെയ്യും. മാതൃഭൂമിയെ സംരക്ഷിക്കുന്നതിനായി നടപടികൾ എടുക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞുവെന്നതാണ് വാസ്തവം.
വൈക്കോൽ കത്തിക്കുന്നതും വർദ്ധിച്ച് വരുന്ന വാഹനങ്ങളും അന്തരീക്ഷ മലിനീകരണവും രാജ്യതലസ്ഥാനത്തെ ശ്വാസംമുട്ടിക്കുകയാണ്. വൈക്കോൽ കത്തിക്കുന്നതിന് ബദൽ മാർഗം നിർദ്ദേശിച്ചിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര.ഡൽഹിയെ വലയ്‌ക്കുന്ന മലിനീകരണത്തെ നേരിടാനായി പുനരുൽപ്പാദന കാർഷിക രീതികൾ പിന്തുടരാനാണ് ആനന്ദ മഹീന്ദ്ര പറയുന്നത്. മണ്ണിന്റെ ഉത്പാദനക്ഷമത വർദ്ധിക്കുന്നതിനോടൊപ്പം തന്നെ വൈക്കോൽ കത്തിക്കുന്നതനുള്ള ബദൽ മാർഗവുമാണിതെന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.
മണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിച്ച് കൊണ്ട് നടത്തുന്ന കൃഷിയെയാണ് പുനരുൽപ്പാദന കാർഷിക രീതികൾ (Regenerative Agriculture Techniques) എന്ന് പറയുന്നത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ യന്ത്രങ്ങൾ, വളങ്ങൾ, കീടനാശിനി എന്നിവയുടെ ഉപയോഗം വഴി മണ്ണിന്റെ ഫലഭൂയിഷ്ടത നഷ്ടപ്പെടാൻ കാരണമാകുന്നു. പുരുൽപ്പാദന കൃഷി മണ്ണൊലിപ്പ് കുറയ്‌ക്കാൻ മികച്ച മാർഗമാണ്. ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗവും കീടനാശിനിയുടെ കുറഞ്ഞ ഉപയോഗവും ഈ കൃഷി രീതിയെ വ്യത്യസ്തമാക്കുന്നു.
ഏഷ്യ, ലാറ്റിനമേരിക്ക, യുഎസ്, കാനഡ, യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ഈ കൃഷിരീതി ഇതിനകം തന്നെ ഉപയോഗിക്കുന്നുണ്ട്. ടാൻസാനിയയിലെയും കിഴക്കൻ ആഫ്രിക്കയിലെയും കർഷകർ ഏലം പോലുള്ള വാണിജ്യ വിളകൾക്കൊപ്പം ബീൻസ്, വാഴപ്പഴം, ചോളം എന്നിവ വളർത്താൻ പുനരുൽപ്പാദന കൃഷി ഉപയോഗിക്കുന്നു.