ഒട്ടാവ: ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിക്ക് കൂട്ടുനിൽക്കുകയും ഫലസ്തീനിയൻ വംശഹത്യയെ ന്യായീകരിക്കുകയും ചെയ്യുന്ന അമേരിക്കൻ നിലപാടിൽ പ്രതിഷേധിച്ച് വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷത്തിനുള്ള ക്ഷണം നിരസിച്ച് ഇന്ത്യൻ വംശജയായ കനേഡിയൻ കവയിത്രി രൂപി കൗർ. വൈറ്റ് ഹൗസിൽ നവംബർ എട്ടിന് വൈസ് പ്രസിഡന്‍റ് സംഘടിപ്പിക്കുന്ന ദീപാവലി ആഘോഷത്തിനാണ് രൂപി കൗറിന് ക്ഷണം ലഭിച്ചത്. ദീപാവലി മുന്നോട്ടുവെക്കുന്ന ആശയം ഒരിക്കലും വംശഹത്യയല്ലെന്ന് ചൂണ്ടിക്കാട്ടിയും ഗസ്സയിലെ നരനായാട്ടിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുമാണ്, വൈറ്റ് ഹൗസിലെ ആഘോഷത്തിൽ താൻ പങ്കെടുക്കുന്നില്ലെന്ന് രൂപി കൗർ പ്രഖ്യാപിച്ചത്.
ഇന്ത്യയിൽ ജനിച്ച രൂപി കൗർ നാലാം വയസ്സിലാണ് രക്ഷിതാക്കളോടൊപ്പം കാനഡയിലേക്ക് കുടിയേറിയത്. ചെറുപ്പത്തിലേ എഴുത്തിന്‍റെ ലോകത്തേക്ക് കടന്ന രൂപി, സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത രചനകളിലൂടെ ശ്രദ്ധേയയായി. തുടർന്ന് ലോകമെമ്പാടും വായനക്കാരെ സൃഷ്ടിക്കുകയായിരുന്നു.