ജനസംഖ്യാ നിയന്ത്രണത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകൾക്കെതിരായ ഇത്തരം പ്രസ്താവനകൾ രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മോദി പറഞ്ഞു. മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിതീഷ് കുമാറിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച പ്രധാനമന്ത്രി വിഷയത്തിൽ പ്രതിപക്ഷത്തിന്റെ മൗനത്തെയും ചോദ്യം ചെയ്തു. ‘ഇന്ത്യ’ സഖ്യത്തിലെ ഒരു പ്രമുഖ നേതാവ് ഇന്നലെ ബിഹാർ നിയമസഭയ്ക്കുള്ളിൽ സ്ത്രീകളെ അപമാനിച്ചു. പ്രതിപക്ഷ സഖ്യത്തിലെ ഒരു നേതാവ് പോലും ഇതിനെതിരെ ഒരക്ഷരം മിണ്ടുന്നില്ല. നിങ്ങൾക്ക് നാണമില്ലേ? സ്ത്രീവിരുദ്ധ ചിന്താഗതിയുള്ളവർക്ക് നിങ്ങൾക്കായി എന്തെങ്കിലും നല്ലത് ചെയ്യാൻ കഴിയുമോ? – മോദി ചോദിച്ചു.
“നമ്മുടെ അമ്മമാരോടും സഹോദരിമാരോടും ഇത്തരം മോശം മനോഭാവം പുലർത്തുന്നവർ രാജ്യത്തെ അപമാനിക്കുകയാണ്, നിങ്ങൾ എത്രത്തോളം അധഃപതിക്കും”- അദ്ദേഹം കൂട്ടിച്ചേർത്തു. ബീഹാറിലെ ഫെർട്ടിലിറ്റി നിരക്ക് 4.2ൽ നിന്ന് 2.9 ശതമാനമായി കുറഞ്ഞതിന്റെ കാരണം വിശദീകരിക്കുന്നതിനിടെയാണ് നിതീഷ് കുമാറിൻ്റെ വിവാദ പരാമർശം. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുമ്പോള്‍ ജനസംഖ്യാ നിരക്ക് കുറയുന്നുവെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയാണ് വിവാദമായത്.സര്‍ക്കാര്‍ നടത്തിയ ജാതി സര്‍വേയുടെ പൂര്‍ണമായ റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് പരാമര്‍ശം. സംഭവം വിവാദമായതോടെ മാപ്പപേക്ഷയുമായി നിതീഷ് കുമാർ രംഗത്തെത്തി. താൻ മാപ്പ് പറയുന്നുവെന്നും പ്രസ്താവന പിൻവലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.