കൊച്ചി: കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രതിസന്ധിയിൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സെമിനാറുകളാണോ കോടതിയാണോ പ്രധാനമെന്ന് ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി ചോദിച്ചു. സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയെന്ന് സമ്മതിച്ച ചീഫ് സെക്രട്ടറി പ്രതിദിന ചെലവുകള്‍ക്ക് പോലും ബുദ്ധിമുട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു. മൂന്ന് മാസത്തെ പെന്‍ഷന്‍ കൊടുത്തുതീര്‍ക്കുമെന്നും സര്‍ക്കാര്‍ കോടതിയിൽ അറിയിച്ചു. പെന്‍ഷന്‍ പ്രതിന്ധി പരിഹരിക്കാന്‍ എന്താണ് നടപടിയെന്ന് ഹൈക്കോടതി സർക്കാറിനോട് ചോദിച്ചു.
കെഎസ്ആര്‍ടിസി എപ്പോഴും സഹായം പ്രതീക്ഷിക്കരുതെന്ന് ചീഫ് സെക്രട്ടറി പറഞ്ഞപ്പോൾ കടുത്ത നടപടികള്‍ സ്വീകരിക്കാത്തതെന്തെന്നായിരുന്നു ഹൈക്കോടതി തിരിച്ച് ചോദിച്ചത്. നടപടികൾക്കായി സഹകരണ കണ്‍സോര്‍ഷ്യവുമായി ചര്‍ച്ച നടക്കുന്നുവെന്ന് ചീഫ് സെക്രട്ടറി മറുപടി നൽകി. സെമിനാറുകളോ കോടതിയോ പ്രധാനമെന്ന് ചീഫ് സെക്രട്ടറിയോട് ചോദിച്ച ഹൈക്കോടതി ജനങ്ങള്‍ ദുരിതത്തില്‍ ആയിരിക്കുമ്പോള്‍ എന്താണ് മുന്‍ഗണനയെന്നും ആരാഞ്ഞു.
പെൻഷൻ മുടങ്ങിയതിൽ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ ചീഫ് സെക്രട്ടറി ഹാജരാകാത്തതില്‍ കോടതി വിമര്‍ശിക്കുകയും ചെയ്തു. കേരളീയത്തിന്റെ തിരക്കായതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചത്. ഇതോടെയാണ് എന്താണ് മുന്‍ഗണനയെന്ന ചോദ്യം ഹൈക്കോടതി ഉന്നയിച്ചത്. ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം കെടുത്തുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുമ്പ് വിമർശിച്ചിരുന്നു.
കെഎസ്ആർടിസി പെൻഷൻ; 70 കോടി രൂപ അനുവദിച്ച് സർക്കാർ
അതേസമയം കെഎസ്ആർടിസി പെൻഷനുവേണ്ടി സർക്കാർ 70 കോടി രൂപ അനുവദിച്ചു. സെപ്റ്റംബർ മാസത്തെ പെൻഷൻ വിതരണത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്. ഒക്ടോബർ, നവംബർ മാസത്തെ പെൻഷന് തുക അനുവദിച്ചിട്ടില്ല. ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടതി നേരത്തേ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.