റിയാദ്: ‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ’ എന്നറിയപ്പെടുന്ന പാക്കിസ്ഥാനി പൗരൻ ഗുലാം ഷബീർ (42) ജിദ്ദയിൽ നിര്യാതനായി. ഹൃദ്രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്‌ചയാണ് മരിച്ചത്. ആരോഗ്യനില ഞായറാഴ്ച കൂടുതൽ വഷളാകുകയായിരുന്നു.
2.55 മീറ്റർ ഉയരമുള്ള അദ്ദേഹം 2000 മുതൽ 2006 വരെ തുടർച്ചയായി ആറ് വർഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്ന റെക്കോർഡിന് ഉടമയായിരുന്നു. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സൗദി അറേബ്യയെ വളരെയധികം ഇഷ്ടപ്പെടുന്ന ആളെന്നായിരുന്നു ഗുലാം ഷബീർ എപ്പോഴും പറഞ്ഞിട്ടുള്ളത്. ലോകത്ത് താൻ സന്ദർശിച്ചിട്ടുള്ള അറബ്, അറബിതര രാജ്യങ്ങളിൽ വച്ച് ഏറ്റവും ഇഷ്ടമുള്ള രാജ്യം സൗദിയാണെന്ന് ഗുലാം ഷബീർ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.
മികച്ച ഒരു ഫുട്ബോൾ ആരാധകൻ കൂടിയായിരുന്നു ലോകത്തെ ഏറ്റവും ഉയരം കൂടിയ ഈ മനുഷ്യൻ. 1980 ൽ പാകിസ്ഥാനിലായിരുന്നു ഇദ്ദേഹം ജനിച്ചത്. പിന്നീടാണ് സൗദിയിലെത്തിയത്. ഉയരക്കൂടുതൽ കാരണം തന്നെ സാമൂഹിക മാധ്യമങ്ങളിൽ എന്നും ഗുലാം ഷബീർ ശ്രദ്ധാകേന്ദ്രമായിരുന്നു.
പ്രിയപ്പെട്ട ഗുലാം ഷബീറിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ ലോകത്തെങ്കുമുള്ള നിരവധി പ്രമുഖരാണ് ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലൂടെയും നിരവധിപേർ ഗുലാം ഷബീറിന്‍റെ വിയോഗത്തിലെ വേദന വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.