ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ അയോഗ്യയാക്കാൻ ശുപാർശ ചെയ്ത് പാർലമെൻ്റ് എത്തിക്സ് കമ്മിറ്റി. കോഴ വാങ്ങി പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചുവെന്ന ആരോപണത്തിലാണ് മഹുവയ്ക്കെതിരെ നടപടിക്ക് എത്തിക്സ് കമ്മിറ്റി ശുപാർശ ചെയ്തത്. എത്തിക്സ് കമ്മിറ്റി മറ്റന്നാൾ യോഗം ചേർന്ന് റിപ്പോർട്ട് നൽകും.
മഹുവ മൊയ്‌ത്രയും ദർശൻ ഹിരാനന്ദാനിയും തമ്മിലുള്ള പണമിടപാട് പരിശോധിക്കാൻ എത്തിക്‌സ് പാനൽ സർക്കാരിനോട് ശുപാർശ ചെയ്തതായി പാര്‍ലമെന്‍റുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും മഹുവ മൊയ്ത്ര നിഷേധിച്ചിരുന്നു. ബിജെപി എം പി നിഷികാന്ത് ദുബെയ്ക്കും അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായിക്കുമെതിരെ മഹുവ വക്കീൽ നോട്ടീസ് അയയ്ക്കുകയും ചെയ്തു.
നവംബർ രണ്ടാം തീയതി എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ മഹുവ മൊയ്ത്ര ഹാജരായിരുന്നു. എത്തിക്സ് കമ്മിറ്റി മാന്യമല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചുവെന്ന് ആരോപിച്ച് മഹുവ മൊയ്ത്ര എത്തിക്സ് കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. മഹുവ ഹിയറിങ്ങിനിടെ ഇറങ്ങിപ്പോയതിന് പിന്നാലെ ഹിയറിങ് രീതിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ എംപിമാരും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
എന്നാൽ മഹുവ മൊയ്ത്രയും പ്രതിപക്ഷ എംപിമാരും എത്തിക്‌സ് കമ്മിറ്റിയെ അപമാനിച്ചുവെന്നായിരുന്നു ബിജെപി എംപി നിഷികാന്ത് ദുബെയുടെ പ്രതികരണം. യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനായാണ് മഹുവ മൊയ്ത്ര എത്തിക്സ് കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയത്. അവർ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്. വിഷയം ദേശസുരക്ഷയെ ബാധിക്കുന്നതാണെന്നും നിഷികാന്ത് ദുബെ പറഞ്ഞിരുന്നു.