വടക്കൻ ഗസ്സയിൽ ഇന്ന് മുതൽ ദിവസവും നാലു മണിക്കൂർ വെടിനിർത്തൽ. തീരുമാനം ഇസ്രായേൽ അംഗീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ കർബിയാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ വടക്കൻ ഗസ്സയിലും തെക്കൻ ഗസ്സയിലും ഒരുപോലെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. ആശുപത്രികളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമിട്ടാണ് ഇസ്രായേൽ വ്യോമാക്രമണം തുടരുന്നത്. അൽ ശിഫ, അൽ നാസർ ആശുപത്രികൾക്ക് സമീപവും ഇന്ന് ആക്രമണം നടത്തി. ജബാലിയ ക്യാമ്പിലെ ആക്രമണത്തിൽ മാത്രം ഇന്ന് കൊല്ലപ്പെട്ടത് 20ലേറെ പേരാണ്. തെക്കും വടക്കും ഒരേപോലെ ആക്രമണം നടക്കുകയാണ്. തകർന്ന കെട്ടിടങ്ങൾക്കടിയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത് 2,500ലേറെ പേരാണ്. ആശുപത്രികളിൽ ഇന്ധനമില്ലാത്തതിനാൽ പലയിടത്തും മൊബൈൽ വെളിച്ചത്തിലാണ് ശസ്ത്രക്രിയ. അനസ്ത്യേഷ്യ ഉൾപ്പെടെ ലഭ്യമല്ല. അതേസമയം, വടക്കൻ ഗസ്സയുടെ നിയന്ത്രണം പിടിച്ചെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. അതിനിടെ, കരയുദ്ധത്തിൽ ഒരു ഇസ്രായേൽ സൈനികൻകൂടി കൊല്ലപ്പെട്ടു. ഗസ്സയിൽ മരണം 10,500 കവിഞ്ഞിരിക്കുകയാണ്.