ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായ ‘2018– എവരിവൺ ഈസ് എ ഹീറോ’ അമേരിക്കയിൽ പുതുചരിത്രം കുറിക്കാനൊരുങ്ങുന്നു. ഇന്ത്യൻ സിനിമാ വ്യവസായത്തിനു തന്നെ നാഴികക്കല്ലാകുന്ന ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് തെക്കേ അമേരിക്കയിലെ 400ൽ പരം സ്‌ക്രീനുകളിലാണ് 2018 റിലീസാകുന്നത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയും എംബി ഫിലിംസിന്റെ മാർസെലോ ബോൻസിയുമാണ് ഈ ചരിത്ര സിനിമായാത്ര സാധ്യമാക്കിയ നിർമാതാക്കൾ.
തെക്കേ അമേരിക്കയിലെ ആദ്യ ഇന്ത്യൻ തിയറ്റർ റിലീസിൽ ഏറെ ആവേശഭരിതനാണെന്ന് ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ വേണു കുന്നപ്പിള്ളി പറഞ്ഞു. ദുബായ് ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പിന്റെ സിനിമാ വിൽപന വിഭാഗമായ ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്കാണ് ‘2018’ സിനിമയ്ക്കു തെക്കേ അമേരിക്കയിലേക്കുള്ള വഴി തുറന്നത്. തന്റെ അമ്മ ഇന്ത്യൻ സിനിമകളുടെ ആരാധികയാണെന്നും അമ്മയാണ് ഈ സംരംഭത്തിനു പ്രചോദനം നൽകിയതെന്നും എംബി ഫിലിംസിന്റെ സിഇഒ മൗറിസിയോ ബോൺസി പറയുന്നു.