വാഷിങ്ടൺ: യുഎസിലെ ജിമ്മിൽ വച്ച് കുത്തേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർഥി മരിച്ചു. വാൽപാറൈസോ സർവകലാശാലയിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥി തെലങ്കാന സ്വദേശി വരുൺ രാജ് (24) ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബർ 29ന് ഇൻഡ്യാനയിലായിരുന്നു സംഭവം.
ജിമ്മിൽ വെച്ച് ജോർദാൻ അൻഡ്രാഡ് എന്നയാൾ വരുണിനെ ആക്രമിക്കുകയായിരുന്നു. വരുണിന്റെ തലയ്ക്ക് ജോർദാൻ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
മസാജ് റൂമില്‍ വച്ചുണ്ടായ പ്രശ്നത്തിനിടെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും തന്റെ ഭാഗത്ത് തെറ്റില്ലെന്നുമാണ് പ്രതി ആൻഡ്രേഡ് പൊലീസിനോടു പറഞ്ഞത്. വാൽപാറൈസോ സർവകലാശാലയാണ് വിദ്യാർഥിയുടെ മരണവിവരം അറിയിച്ചത്.