തിരുവനന്തപുരം: മന്ത്രി ആര്‍ ബിന്ദുവിന്റെ ഔദ്യോഗിക വസതിയിലേക്ക് കെഎസ്‌യു സംഘടിപ്പിച്ച മാര്‍ച്ചില്‍ പരിക്കേല്‍പ്പിച്ച പൊലീസുകാര്‍ക്ക് എതിരെ പരാതി നല്‍കി കെഎസ്‌യു നേതാവ് നസിയ മുണ്ടപ്പള്ളി. തന്റെ മുഖത്ത് ലാത്തി കൊണ്ട് അടിച്ച പൊലീസുകാരനെതിരെ മനുഷ്യാവകാശ കമ്മീഷനും, വനിതാ കമ്മീഷനും, പൊലീസ് ഡിജിപിക്കും, സിറ്റി പൊലീസ് കമ്മീഷണര്‍ക്കും, കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്കും നസിയ പരാതി നല്‍കിയിട്ടുണ്ട്.
തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു കൂട്ടുനിന്നുവെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. മാര്‍ച്ചിനിടെ പൊലീസിന്റെ അടി കൊണ്ട് കെഎസ്യു സംസ്ഥാന നിര്‍വാഹക സമിതി അംഗമായ നസിയ മുണ്ടപ്പള്ളിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
ആക്രമിച്ച പൊലീസുകാരന്റെ ഫോട്ടോയും വിവരങ്ങളും ഉള്‍പ്പെടെ ആണ് പരാതി നല്‍കിയിരിക്കുന്നത്. വനിതാ പൊലീസിന്റെ അസാന്നിധ്യത്തിലും സാന്നിധ്യത്തിലും സമരത്തിലെത്തുന്ന വനിതകള്‍ക്കെതിരെ പുരുഷ പൊലീസില്‍ നിന്നും നേരിടേണ്ടിവരുന്ന അസഭ്യവര്‍ഷവും അതിക്രമങ്ങളും അവസാനിപ്പിക്കുന്നതിന് വേണ്ടി നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.