തിരുവനന്തപുരം: സപ്ലൈകോ സാധനങ്ങളുടെ വില വർധിപ്പിക്കാൻ എൽ.ഡി.എഫ് യോഗത്തിൽ തീരുമാനിച്ചു. വിലക്കയറ്റത്തിൽ പൊറുതി മുട്ടുന്ന ജനത്തിന് ഇരുട്ടടിയായി തീരുമാനം. 13 സാധനങ്ങളുടെ വില വർധിപ്പിക്കാനാണ് തീരുമാനം. ചെറുപയർ, വൻ പയർ, ഉഴുന്ന്, വെളിച്ചെണ്ണ, ജയ അരി, തുവര പരിപ്പ്, കുറുവ അരി, കടല, മല്ലി, മുളക്, വെളിച്ചെണ്ണ, പഞ്ചസാര, പച്ചരി എന്നീ സാധനങ്ങളുടെ വിലയാണ് വർധിക്കുക. വർധനവ് എത്ര വേണമെന്ന് ഭക്ഷ്യമന്ത്രിക്ക് തീരുമാനിക്കാം.
ഏഴ് വർഷത്തിന് ശേഷമാണ് സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിക്കുന്നത്. വില വർധിപ്പിക്കണമെന്ന് നേരത്തേ സപ്ലൈകോ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എൽ.എഡി.എഫ് അധികാരത്തിൽ വന്നാൽ സാധനങ്ങളുടെ വില വർധിപ്പിക്കില്ലെന്ന് പ്രകടന പത്രികയിലുണ്ടായിരുന്നു.
നിലവിൽ സപ്ലൈകോക്ക് സർക്കാർ 1525 കോടി കുടിശ്ശിക നൽകാനുണ്ട്. ഒന്നുകിൽ കുടിശ്ശിക നൽകുക അല്ലെങ്കിൽ സാധനങ്ങളുടെ വില വർധിപ്പിക്കുക എന്നായിരുന്നു സപ്ലൈകോയുടെ ആവശ്യം.