ഡൽഹി: ഇന്ത്യ-യുഎസ് ബന്ധം ആഗോള നന്മയ്‌ക്ക് കരുത്താകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ചാമത് ടു പ്ലസ് ടു മന്ത്രിതല ചർച്ചയുടെ സമാപനത്തിന് ശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അമേരിക്കൻ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
‘യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെയും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനെയും സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. തന്ത്രപരവും സമഗ്രവുമായ ഇന്ത്യ-യുഎസ് ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന വഴിയാണ് ടു പ്ലസ് ടു മന്ത്രിതല ചർച്ച. ജനാധിപത്യം, ബഹുസ്വരത, നിയമവാഴ്ച എന്നിവയിൽ ഞങ്ങൾ പങ്കിട്ട വിശ്വാസം വിവിധ മേഖലകളിലെ പരസ്പര പ്രയോജനകരമായ സഹകരണത്തിന് അടിവരയിടുന്നു. ഇന്ത്യ-യുഎസ് പങ്കാളിത്തം യഥാർത്ഥത്തിൽ ആഗോള നന്മയ്‌ക്ക് കരുത്ത് പകരുന്നതാണ്’- പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യൻ- അമേരിക്കൻ പ്രതിനിധികൾ തമ്മിലുള്ള കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യൻ സംഘർഷവും പ്രതിരോധ സഹകരണവും ചർച്ചയായി. ഇന്തോ-പസഫിക് മേഖലയുടെ സുരക്ഷയും ചൈനീസ് ഇടപെടലും ചൈനയുടെ പ്രകോപനപരമായ നീക്കങ്ങളും ചർച്ച ചെയ്തു. ഇന്ത്യയുടെ വ്യാപാരത്തിലും വിദേശ നിക്ഷേപത്തിലും ഉണ്ടായ വളർച്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളർന്നതിന്റ തെളിവാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പ്രതികരിച്ചിരുന്നു.