തിരുവനന്തപുരം: കുട്ടനാട്ടെ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നെല്ല് സംഭരണത്തിൽ സർക്കാർ ദയനീയമായി പരാജയപെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കർഷകരോട് സർക്കാർ കാണിക്കുന്നത് ക്രൂരമായ അവഗണനയെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനം ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കുറ്റപ്പെടുത്തി.
ഹൈക്കോടതിയിൽ സർക്കാർ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് അംഗീകരിക്കുമ്പോഴും മുഖ്യമന്ത്രി അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേന്ദ്ര സർക്കാറിൽ നിന്ന് പണം കിട്ടിയില്ലെന്ന് സംസ്ഥാന സർക്കാർ പറയുന്നു. മുൻപ് വാറ്റ് സമ്പദ്രായം നടപ്പാക്കിയപ്പോഴും സംസ്ഥാനങ്ങൾക്ക് അഞ്ച് വർഷത്തേക്കാണ് നഷ്ടപരിഹാരം കേന്ദ്രം നൽകിയത്. ഇവിടെ ജിഎസ്ടിയിലും അഞ്ച് വർഷത്തേക്കാണ് നഷ്ടപരിഹാരം കിട്ടിയത്. ജിഎസ്ടി നഷ്ടപരിഹാരം ഏറ്റവും കൂടുതൽ കിട്ടിയ സംസ്ഥാനമാണ് കേരളം. ജനങ്ങളെ സർക്കാർ വിഡ്ഢികളാക്കരുതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
നികുതി പിരിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിയമ വിരുദ്ധമായ പ്രവർത്തിയാണ് ജി എസ് ടി ഇന്റലിജൻസ് കമ്മീഷണർ ചെയ്തത്. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണം. ജിഎസ്‌ടി നികുതി പിരിക്കേണ്ട ഉദ്യോഗസ്ഥൻ കേരളീയത്തിന് സംഭാവന പിരിക്കുന്ന ജോലിയാണ് ചെയ്തത്. നൂറുകണക്കിന് കോടി രൂപയാണ് തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നും നവകേരള സദസ്സിന്റെ ഭാഗമായി പിരിക്കാൻ പോകുന്നത്. ഉദ്യോഗസ്ഥരെ കൊണ്ട് പണപ്പിരിവ് നടത്തി തെരെഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്ന ആദ്യ സർക്കാരാണ് ഇതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.