കേന്ദ്ര സർക്കാരിന്റെ വൈദ്യുതിമേഖല സ്വകാര്യവത്ക്കരിക്കുന്ന നീക്കം വൈദ്യുതി വിലവർധനവിന് കാരണമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ എസ് ഇ ബിയുടെ 400 കെ വി ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷൻ കോട്ടയത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സ്വകാര്യവത്കരണ നീക്കം വൈദ്യുതി വിലവർധനവിന് കാരണമാകുന്നുവെന്നും ഈ അനിയന്ത്രിതമായ ചാർജ് വർധനവ് നിയന്ത്രിച്ച് നിർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിൻ്റെ ഊർജ്ജ മേഖലയെ കാലത്തിൻ്റെ ആവശ്യത്തിനനുസരിച്ച് വികസിപ്പിക്കാനുള്ള പദ്ധതിയാണ് സർക്കാർ നടപ്പാക്കി വരുന്നത്.
വിവിധ പദ്ധതികൾ വിജയകരമായി പൂർത്തിയായി വരുന്നുവെന്നും അവ ഉടൻ ലക്ഷ്യത്തിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയ്ക്ക് വൈദ്യുതി ലഭ്യമാക്കണം എന്ന് സംസ്ഥാന സർക്കാരിന് നിർബന്ധമുണ്ടെന്നും കേരളം പരിമിതമായ തോതിൽ മാത്രമേ ചാർജ് വർദ്ധിപ്പിക്കൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.