വാഷിങ്ടണ്‍: ചികുന്‍ ഗുനിയയ്ക്കുള്ള ലോകത്തെ ആദ്യ പ്രതിരോധ മരുന്നിന് യു എസ് ആരോഗ്യ മന്ത്രാലയം അംഗീകാരം നല്കി. യൂറോപ്പിലെ വല്‍നേവ കമ്പനിയാണ് ഇക്സ്ചിക് വാക്സിന് വികസിപ്പിച്ചത്.
വാക്സിന് ഉപയോഗിക്കാന്‍ 18 വയസിനു മുകളിലുള്ളവര്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ചികുന്‍ ഗുനിയ വൈറസ് ക്രമാതീതമായി വ്യാപിക്കുന്ന രാജ്യങ്ങളില്‍ ഇക്സ്ചിക് വാക്സിന് കാലതാമസമില്ലാതെ ലഭ്യമാക്കും.
ഒന്നരപ്പതിറ്റാണ്ടിനിടെ ലോകമെമ്പാടും അഞ്ച് ദശലക്ഷത്തിലധികം ആളുകള്‍ക്കാണ് ചികുന്‍ ഗുനിയ റിപ്പോര്‍ട്ട് ചെയ്തത്. ആഗോളതലത്തില്‍ തന്നെ ആരോഗ്യഭീഷണിയായി കണക്കാക്കപ്പെടുന്ന ചികുന്‍ ഗുനിയ ആഫ്രിക്ക, അമേരിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലാണ് വ്യാപകമായി കാണപ്പെടുന്നത്.
നോര്‍ത്ത് അമെരിക്കയിലെ 3500 ഓളം ആളുകളില്‍ നടത്തിയ ക്ലിനിക്കല്‍ ട്രയലുകള്‍ക്കു ശേഷമാണ് അംഗീകാരം നല്കാന് തീരുമാനിച്ചത്. ഒറ്റ ഡോസായാണ് വാക്സിന് നല്‍കുന്നത്. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ പനിയും നീണ്ടുനില്‍ക്കുന്ന സന്ധിവേദനയുമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരിലും വയസായവര്‍ക്കും ചികുന്‍ ഗുനിയ ഗുരുതരമാവാനുള്ള സാധ്യതയുമുണ്ട്.