ജനീവ: ഗസ്സയിൽനിന്നുള്ള മരണസംഖ്യ വിശ്വസിക്കുന്നുണ്ടെന്ന് ആവർത്തിച്ച് ലോകാരോഗ്യ സംഘടന. ഹമാസ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വിശ്വസിക്കുന്നുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ പ്രതികരിച്ചു. ഗസ്സയിലെ സ്ഥിതി അതിഭീകരമാണെന്ന് വക്താവ് ഡോ. മാർഗരെറ്റ് ഹാരിസ് പറഞ്ഞു.
ബി.ബി.സിക്കു നൽകിയ അഭിമുഖത്തിലാണ് മാർഗരെറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തെ മറ്റെവിടെയുമുള്ള മറ്റ് ആരോഗ്യ സേവനങ്ങളിൽനിന്നു വ്യത്യസ്തമല്ല ഗസ്സയിലെ ആരോഗ്യ മന്ത്രാലയവുന്നാണ് ഡബ്ല്യു.എച്ച്.ഒ കാണുന്നതെന്ന് അവർ പറഞ്ഞു. അവിടെനിന്നുള്ള മരണസംഖ്യ തങ്ങൾ വിശ്വസിക്കുന്നുണ്ടെന്നും മാർഗരെറ്റ് വ്യക്തമാക്കി.
ഗസ്സ ആകെ തകർന്നുകിടക്കുകയാണിപ്പോൾ. ഒരുപാട് ജീവനുകൾ നഷ്ടപ്പെട്ടു. ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്ന സംഖ്യ അവിടെനിന്നുള്ള ട്രെൻഡ് അല്ലാതെ മറ്റൊന്നുമല്ല കാണിക്കുന്നത്. ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് മാനുഷിക സഹായം എത്തിക്കാനുള്ള വഴിയൊരുക്കണം. ഗസ്സയിലെ സ്ഥിതി അതിഭീകരമായിത്തീർന്നിരിക്കുകയാണെന്നും മാർഗരെറ്റ് ഹാരിസ് കൂട്ടിച്ചേർത്തു.
ഗസ്സ ഇസ്രായേൽ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ സംഖ്യ 11,000 കടന്നതായാണ് അവസാനമായി ഹമാസ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക്. ഇതിൽ 8,000വും കുട്ടികളും സ്ത്രീകളുമാണ്. 28,000ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഫലസ്തീനികൾ പറയുന്നതു സത്യമാണെന്നു കരുതുന്നില്ലെന്നാണ് നേരത്തെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്. കൊല്ലപ്പെട്ടവരുടെ മരണസംഖ്യയുമായി ബന്ധപ്പെട്ട് ഫലസ്തീനികൾ പറയുന്നത് സത്യമാണെന്ന് തോന്നുന്നില്ല. നിരപരാധികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നുറപ്പാണ്. അത് യുദ്ധത്തിനു പോയതിന്റെ വിലയാണ്. തങ്ങൾക്കെതിരെ യുദ്ധം നടത്തുന്നവരിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇസ്രായേൽ ബദ്ധശ്രദ്ധരാകേണ്ടതുണ്ട്. അങ്ങനെയല്ലാതെ പോയാൽ അത് അവരുടെ തന്നെ താൽപര്യത്തിനെതിരാകും. അപ്പോഴും ഫലസ്തീനികൾ പറയുന്ന കണക്കിൽ തനിക്കു വിശ്വാസമില്ലെന്നും ബൈഡൻ പറഞ്ഞിരുന്നു.