റിയാദ്: ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സൗദി അറേബ്യയുടെ ഇറക്കുമതി കുറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് ഈ വർഷം 20 ശതമാനം കുറവ് രേഖപ്പെടുത്തി. എന്നാൽ ഖത്തറിൽ നിന്നുള്ള ഇറക്കുമതിയിൽ വൻ വർധനവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സൗദിയുടെ ഇറക്കുമതി 5.85 ബില്യൺ റിയാലായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് 20 ശതമാനം കുറവാണ് ഈ വർഷം രേഖപ്പെടുത്തിയത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യു.എ.ഇയിൽ നിന്നുള്ള ഇറക്കുമതി 61 ശതമാനമായി കുറഞ്ഞ് 3.59 ബില്യൺ റിയാലിലെത്തി.
കഴിഞ്ഞ വർഷം ഇത് 4 ബില്യണ്‍ റിയാലിന് മുകളിലായിരുന്നു. 12 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. ബഹ്റൈനിൽ നിന്നും ഒമാനിൽ നിന്നുമുള്ള ഇറക്കുമതിയിൽ 28 ശതമാനം വീതവും, കുവൈത്തിൽ നിന്നുള്ള ഇറക്കുമതിയിൽ 77 ശതമാനവും കുറവുണ്ടായിട്ടുണ്ട്.
അതേ സമയം ഖത്തറിൽ നിന്നും സൗദിയിലേക്കുള്ള ഇറക്കുമതിയിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് ഈ വർഷം 95 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.