കോഴിക്കോട്: നേരത്തെ തീരുമാനിച്ച പ്രകാരം കോഴിക്കോട്ട് തന്നെ കോൺഗ്രസിന്‍റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തുമെന്ന് എം.കെ. രാഘവൻ എം.പി. റാലിയിൽ ശശി തരൂർ അടക്കമുള്ള എല്ലാ നേതാക്കളും പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.റാലിക്ക് അനുമതി നൽകില്ലെന്നാണ് കലക്ടർ അറിയിച്ചത്. പക്ഷേ റാലിയുമായി മുന്നോട്ട് പോകും. റാലി നടത്തും. അതിൽ യാതൊരു വ്യത്യാസവുമില്ല. പ്രത്യേകിച്ച് ഫലസ്തീൻ വിഷയമായതുകൊണ്ട് അതിൽനിന്ന് പിന്മാറാൻ കോൺഗ്രസ് ഉദ്ദേശിക്കുന്നില്ല. സി.പി.എമ്മിന്‍റെ കാപട്യം പുറത്തുവരികയാണ് ചെയ്തത് -അദ്ദേഹം പറഞ്ഞു.
നവകേരള സദസ്സിന് വേദിയൊരുക്കാനാണ് കോൺഗ്രസിന്‍റെ റാലിക്ക് അനുമതി നിഷേധിച്ചതെന്ന് ഡി.സി.സി. പ്രസിഡന്‍റ് കെ. പ്രവീൺകുമാർ പറഞ്ഞു. കലക്ടർ ആദ്യം അംഗീകരിച്ച ശേഷമാണ് അനുമതി നിഷേധിച്ചത്. ഫലസ്തീൻ വിഷയത്തിൽ സി.പി.എമ്മിന്‍റെ ഇരട്ടത്താപ്പാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.നവംബർ 23നാണ് കോൺഗ്രസിന്‍റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി നിശ്ചയിച്ചിരുന്നത്. 50,000 പേരെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിക്കാനാണ് കെ.പി.സി.സിയുടെ തീരുമാനം. നവംബർ 25നാണ് നവകേരള സദസ്സ്. ഇതിന്‍റെ പേരിലാണ് ജില്ല ഭരണകൂടം അനുമതി നിഷേധിച്ചിരിക്കുന്നത്.നവകേരള സദസ് നടക്കുന്നതിനാൽ അനുമതി നൽകാനാവില്ലെന്നാണ് കലക്ടർ അറിയിച്ചത്.