തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷിക ആഘോഷത്തിന്റെ നോട്ടീസ് ഇറക്കിയ സാംസ്‌കാരിക വിഭാഗം ഡയറക്ടര്‍ക്ക് സ്ഥലം മാറ്റം. ബി മധുസൂദനന്‍ നായരെ ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറായി സ്ഥലം മാറ്റി. വിവാദ നോട്ടീസ് അടിച്ചിറക്കിയതില്‍ മധുസൂദനന്‍ നായരോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടി.
ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ റെജിലാല്‍ ആണ് പുതിയ സാംസ്‌കാരിക വിഭാഗം ഡയറക്ടര്‍. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87-ാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് ക്ഷണിച്ചുള്ള ദേവസ്വം ബോര്‍ഡിന്റെ പുരാവസ്തു സാംസ്‌കാരിക വകുപ്പ് ഇറക്കിയ നോട്ടീസ് ആണ് വിവാദത്തിലായത്.
ഗൗരി ലക്ഷ്മി ഭായി, ഗൗരി പാര്‍വ്വതി ഭായ് എന്നിവര്‍ തിരുവിതാംകൂറിന്റെ രാജ്ഞിമാരാണ്. ക്ഷേത്ര പ്രവേശനം സനാതന ഹിന്ദുക്കളെ ഉദ്‌ബോധിപ്പിക്കാന്‍ വേണ്ടിയാണ്. ചിത്തിര തിരുനാള്‍ അറിഞ്ഞു നല്‍കിയതാണ് ക്ഷേത്ര പ്രവേശനം എന്നിങ്ങനെ നോട്ടീസില്‍ ഉടനീളം രാജഭക്തി നിറഞ്ഞു നിന്നതാണ് വിവാദമായത്. നോട്ടീസിന്റെ ഉള്ളടക്കത്തിലെ ഗുരുതരമായ തെറ്റ് യാദൃശ്ചികമെന്നായിരുന്നു മധുസൂദനന്‍ നായരുടെ പക്ഷം. വിവാദമായതോടെ നോട്ടീസ് പിന്‍വലിച്ചു. പിന്നാലെ അതിഥികളായ മുന്‍ രാജകുടുംബാംഗങ്ങള്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നു.