കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിൽ നടത്തുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലി ബീച്ച് ആശുപത്രിക്ക് സമീപം നടത്താൻ അനുമതി. ജില്ലാ കല്കടർ സ്നേഹിൽ കുമാർ സിങ്ങാണ് അനുമതി നൽകിയത്. കഴിഞ്ഞ ദിവസത്തെ നിർദേശം കോൺഗ്രസ് അംഗീകരിച്ചുവെന്ന് കലക്ടർ അറിയിച്ചു. സ്ഥിരംവേദി മാറ്റണമെന്നാണ് കോൺഗ്രസിനോട് ആവശ്യപ്പെട്ടതെന്നും കലക്ടർ പറഞ്ഞു.
തീരുമാനിച്ച ദിവസം കോഴിക്കോട് കടപ്പുറത്ത് തന്നെ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുമെന്ന് നേരത്തെ ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ പറഞ്ഞിരുന്നു. തർക്കം ഉണ്ടായ സാഹചര്യത്തിൽ ബീച്ച് ആശുപത്രിക്ക് മുൻപിലേക്ക് വേദി മാറ്റാൻ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇക്കാര്യം ആവശ്യപ്പെട്ട് കലക്ടർക്ക് അപേക്ഷ നൽകുകയായിരുന്നു. ഇത് കലക്ടർ അംഗീകരിച്ചുവെന്നാണ് വിവരം.
ഈ മാസം 23ന് കോഴിക്കോട് ബീച്ചിൽ കോൺഗ്രസ് നടത്താൻ നിശ്ചയിച്ച പരിപാടിക്ക് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. നവകേരള സദസ് നടക്കുന്നതിനാൽ അനുമതി നൽകാനാവില്ലെന്നാണ് കലക്ടർ അറിയിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ പറഞ്ഞിരുന്നു. 24,25,26 തീയതികളിലാണ് നവകേരള സദസ് കോഴിക്കോട്ട് നടക്കുന്നത്. നവകേരള സദസിന് വേണ്ടി ബീച്ചിൽ വേദി ഒരുക്കാനുണ്ട്. അത് ഒഴികെയുള്ള സ്ഥലം കോൺഗ്രസ് പരിപാടിക്ക് ഉപയോഗിക്കാം. അനുമതിയിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും കലക്ടർ പറഞ്ഞിരുന്നു.
അതേസമയം, അനുമതി തന്നാലും ഇല്ലെങ്കിലും കോഴിക്കോട്ടെ കോൺഗ്രസ് ഫലസ്തീൻ ഐക്യദാർഢ്യ റാലി നടക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. റാലി തടയുന്നതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.