ആലുവ: ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ വഞ്ചിച്ച് പണം തട്ടിയ മഹിള കോൺഗ്രസ് ജില്ല നേതാവിൻറെ ഭർത്താവ് മുനീറിനെതിരെ അൻവർ സാദത്ത് എം.എൽ.എ. കുടുംബത്തിൻറെ പണംതട്ടിയെടുത്തത് നീതികരിക്കാൻ പറ്റാത്ത കാര്യമാണ്. പണം കുടുംബത്തിന് കൊടുത്തെന്ന് പറഞ്ഞ് മുനീർ തന്നെയും കബളിപ്പിച്ചിട്ടുണ്ടെന്നും എം.എൽ.എ ആരോപിച്ചു.
തട്ടിപ്പ് നടന്നയുടനെ പൊലീസിൽ പരാതി നൽകാൻ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. മുനീർ കോൺഗ്രസ് പ്രവർത്തകനല്ല. എന്നാൽ, ഭാര്യ കോൺഗ്രസ് ജില്ല സെക്രട്ടറിയാണെന്നും അദ്ദേഹം പറഞ്ഞു. അൻവർസാദത്ത് എം.എൽ.എയുടെ അടുത്ത ആളെന്ന് കുടുംബത്തെ വിശ്വസിപ്പിച്ചാണ് മുനീറും ഭാവ്യയും തട്ടിപ്പ് നടത്തിയത്. കുട്ടിയെ കാണാതായ വാർത്ത പുറത്തുവന്നതു മുതൽ കുട്ടിയുടെ കുടുബത്തിനെ സഹായിക്കാനായി ഇവർ ഒപ്പം കൂടിയിരുന്നു.
കുട്ടിയുടെ കുടുംബം വളരെ മോശപ്പെട്ട കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. കുട്ടി കൊല്ലപ്പെട്ട ശേഷം എം.എൽ.എ മുൻകൈയ്യെടുത്ത് നല്ലൊരു വാടക വീട്ടിലേക്ക് മാറ്റി. ഈ വീടിന് വാടക മുൻകൂറായി നൽകാനാണെന്ന പേരിലാണ് ആദ്യം 20,000 രൂപ തട്ടിയെടുത്തത്. ആഗസ്റ്റ് അഞ്ച് മുതൽ പത്ത് വരെ ഇരുപതിനായിരം രൂപ വീതം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു. എന്നാൽ, വീടിൻറെ വാടക നൽകുന്നത് എം.എൽ.എയാണ്.
പുതിയ വീട്ടിലേക്ക് വിവിധ ഉപകാരണങ്ങളടക്കം വാങ്ങിയതിൻറെ പേരിലും പണം തട്ടി. ഈ വസ്തുക്കൾ തായിക്കാട്ടുകര സഹകരണ ബാങ്കിൻറെ നേതൃത്വത്തിലാണ് സൗജന്യമായി നൽകിയിരുന്നത്. പണം തട്ടിയതായും വഞ്ചിച്ചതായും മനസ്സിലാക്കിയതോടെ പണം തട്ടിയെടുത്ത വിവരം ഒരു മാസം മുൻപ് കുടുംബം പഞ്ചായത്ത് പ്രസിഡൻറിനെയും ചൂർണ്ണിക്കരയിലെ ചില കോൺഗ്രസ് നേതാക്കളെയും അറിയിച്ചിരുന്നു.
പഞ്ചായത്ത് പ്രസിഡൻറ് കുട്ടിയുടെ മാതാപിതാക്കളെ എം.എൽ.എയുടെ അടുത്തേക്ക് പറഞ്ഞു വിടുകയായിരുന്നുവത്രെ. വിവരങ്ങൾ അറിഞ്ഞ അദ്ദേഹം ഹസീനയും ഭർത്താവുമായി സംസാരിച്ചെങ്കിലും പണം വാങ്ങിയില്ലന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ പണം നൽകിയതിൻറെ ബാങ്ക് സ്റ്റേറ്റ്മെൻറ് കാണിച്ചപോൾ ഇരുവരും പണം വാങ്ങിയതായി സമ്മതിച്ചു.
ഇതിനെതിരെ റൂറൽ എസ്.പിക്കു പരാതിനൽകുമെന്ന് എം.എൽ.എ പറഞ്ഞതോടെ പണം തിരികെ നൽകാമെന്ന് പറയുകയായിരുന്നു. ഇതിനിടെ രണ്ട് തവണയായി 70,000 രൂപ ഹസീനയും ഭർത്താവും മടക്കി നൽകി. ബാക്കി 50,000 നവംബറിൽ തിരികെ നൽകാമെന്നാണ് മുനീർ രേഖാമൂലം എഴുതി നൽകിയത്.
പറഞ്ഞ തിയതി കഴിഞ്ഞിട്ടും പണം തിരികെ നൽകാത്തതോടെയാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. വാർത്ത വന്നതിന് പിന്നാലെ സംഭവം കളവാണെന്ന് പറയാൻ കുട്ടിയുടെ അച്ഛനെ മുനീർ നിർബന്ധിക്കുന്ന ഓഡിയോ സംഭാഷണം പുറത്ത് വന്നു. പണം തിരികെ നൽകാതെ പരാതിയിൽ നിന്ന് പിൻമാറില്ലെന്ന് കുടുംബം ഉറച്ച് നിന്നതോടെയാണ് നൽകാനുള്ള തുക മുനീർ തിരികെ നൽകിയിരിക്കുന്നത്.