ഗസ്സ: ഗസ്സയിലെ അൽ-ശിഫ ആശുപത്രിയിലെ ജീവനക്കാരുമായുള്ള ബന്ധം നഷ്ടമായെന്ന് ഡയറക്ടർ ജനറൽ ഓഫ് ഗസ്സ ഹോസ്പിറ്റൽസ് മുഹമ്മദ് സകൂത്. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസ് നഗരത്തിലുള്ള അദ്ദേഹം അൽ-ശിഫയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണെന്ന് പ്രതികരിച്ചു. അൽ ജസീറയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അൽ-ശിഫയിലെ തെക്ക് ഭാഗത്തുള്ള കവാടത്തിലൂടെയാണ് ഇസ്രായേൽ വാഹനങ്ങളും ടാങ്കുകളും ആശുപത്രിയിൽ പ്രവേശിച്ചത്. ഒരു മണിക്കൂറിന് മുമ്പ് റെഡ് ക്രോസും യു.എൻ.ആർ.ഡബ്ല്യു അധികൃതരും ഉടൻ ആശുപത്രിയിൽ നിന്ന് 650 രോഗികളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
രോഗികളെ ടെന്റുകളിലോ അടുത്തുള്ള യുറോപ്യൻ ഹോസ്പിറ്റലിന് സമീപത്തുള്ള സ്കൂളിലോ ആക്കുന്നതിനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. യുറോപ്യൻ ഹോസ്പിറ്റലിൽ 100 രോഗികളെ മാത്രമേ പ്രവേശിപ്പിക്കാൻ സാധിക്കു. പരിക്കേറ്റ് ചികിത്സയിലുള്ള രോഗികളെ എത്രയും പെട്ടെന്ന് ഈജിപ്തിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്ത് കേട്ടുകേൾവിയില്ലാത്ത കൊടുംക്രൂരതക്ക് ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽശിഫ ഇരയായിരുന്നു. ചികിത്സാ ഉപകരണങ്ങളടക്കം ആശുപത്രിയിലെ സ്പെഷ്യലൈസ്ഡ് സർജറി കെട്ടിടത്തിന്റെ ഉൾവശം മുഴുവൻ ഇസ്രായേൽ അധിനിവേശ സേന തകർത്തുതരിപ്പണമാക്കിയതായി അൽജസീറ ലേഖകൻ ഹാനി മഹ്മൂദ് റിപ്പോർട്ട് ചെയ്തു. രോഗികളടക്കമുള്ളവരെ പിടികൂടി ബന്ധിച്ച് കണ്ണുകൾ മൂടിക്കെട്ടി അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റി.
മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വെയർഹൗസും തകർത്തു. ഉൾവശത്തെ ചുമരുകളും കെട്ടിടത്തിനുള്ളിലെ എല്ലാ മെഡിക്കൽ ഉപകരണങ്ങളും നശിപ്പിച്ചു.