ന്യൂഡൽഹി : എയർ ഇന്ത്യയുടെ സീനിയർ പൈലറ്റ് ഡൽഹി വിമാനത്താവളത്തിൽ പരിശീലനത്തിനിടെ മരിച്ചു. കമാൻഡർ ഹിമ്മാനിൽ കുമാർ (37) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണു മരണമെന്ന് അധികൃതർ പറഞ്ഞു.
വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിൽ എയർ ഇന്ത്യയുടെ ഓപ്പറേഷൻ വിഭാഗത്തിന്റെ പരിശീലന സെഷനിൽ പങ്കെടുക്കുകയായിരുന്നു ഹിമ്മാനിൽ കുമാർ. ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ച ഇദ്ദേഹത്തിനു സഹപ്രവർത്തകർ പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഇദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും വിമാനം പറത്താനുള്ള ശാരീരിക ക്ഷമതയുണ്ടെന്നും ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) നേരത്തെ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. 2024 ഓഗസ്റ്റ് 30 വരെ ഇതിനു കാലാവധിയുണ്ട്. ദീപാവലി അവധിക്കു ശേഷം ഹിമ്മാനിൽ ജോലിയിൽ പ്രവേശിക്കുമെന്നും അറിയിച്ചിരുന്നതാണ്.