ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഏകാധിപതിയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഷി ചിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ബൈഡന്റെ പരാമർശം. ഷി ചിൻപിങ് ഏകാധിപതിയാണെന്ന മുൻ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
‘‘കമ്യൂണിസ്റ്റ് രാജ്യം ഭരിക്കുന്ന ആളെന്ന അർഥത്തിൽ അദ്ദേഹം ഒരു ഏകാധിപതിയാണ്. നമ്മുടെ സർക്കാരുമായി തികച്ചും വിഭിന്നാണ് ചൈനീസ് സർക്കാർ’’– ബൈഡൻ പറഞ്ഞു. കലിഫോർണിയയിൽ യുഎസ് – ചൈന ഉച്ചകോടിയുടെ ഭാഗമായാണ് ഷി ചിൻപിങ്ങും ബൈഡനും കൂടിക്കാഴ്ച നടത്തിയത്.
അതേസമയം, ബൈഡനും ഷി ചിൻപിങ്ങും തമ്മിൽ തുറന്ന ചർച്ചയാണ് നടന്നതെന്ന് യുഎസ് അധികൃതർ അറിയിച്ചു. ബൈഡൻ തന്റെ കാഴ്ചപ്പാടുകളും ആശങ്കകളും ഷി ചിൻപിങ്ങിനെ അറിയിച്ചു. ഷി ചിൻപിങ്ങും അദ്ദേഹത്തിന്റെ വാദമുഖങ്ങൾ പങ്കുവച്ചു.
പ്രാദേശികവും ആഗോളപരവുമായ കാര്യങ്ങൾ ചർച്ചയായി. ഇറാൻ, മധ്യപൂർവ ഏഷ്യ, യുക്രെയ്ൻ, തയ്‌വാൻ, എന്നിവിടങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചായി. കൂടാതെ സാമ്പത്തിക പ്രശ്നങ്ങൾ, നിർമിത ബുദ്ധി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്തു.
യുഎസിൽ നിയമവിരുദ്ധമായി ലഹരിമരുന്ന് വ്യാപാരം നടത്തുന്ന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ചൈന അറിയിച്ചു. സൈനിക തലത്തിലുള്ള ചർച്ചകൾ പുനഃരാരംഭിക്കും. ബൈഡനും ഷി ചിൻപിങ്ങും തമ്മിലുള്ള ഫോൺ സംഭാഷണം കൂടുതൽ ഊർജിതമാക്കുമെന്നും അധികൃതർ അറിയിച്ചു