അബുദബി: യുഎഇ ഭരണകൂടം പ്രഖ്യാപിച്ച തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇതുവരെ അംഗമായത് അറുപത്തിയാറ് ലക്ഷത്തിലധികം ആളുകള്‍. മാനവവിഭവശേഷി മന്ത്രാലയമാണ് തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായവരുടെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ നിന്നായി 66 ലക്ഷം തൊഴിലാളികള്‍ പദ്ധതിയില്‍ അംഗമായതായി മന്ത്രാലയം അറിയിച്ചു. ജനുവരി ഒന്നിന് നിലവില്‍ വന്ന പദ്ധതിയില്‍ അംഗമാകാനുളള സമയ പരിധി കഴിഞ്ഞ മാസം 31ന് അവസാനിച്ചിരുന്നു.
നിശ്ചിത സമയ പരിധിക്കുള്ളില്‍ പദ്ധതിയില്‍ അംഗമാകാത്തവര്‍ക്ക് നാനൂറ് ദിര്‍ഹം പിഴ ചുമത്തിയിരുന്നു.പിഴ അടക്കാത്തവരുടെ ശമ്പളത്തില്‍ നിന്നോ ആനുകൂല്യങ്ങളില്‍ നിന്നോ പിഴതുക ഈടാക്കുന്നതിനുളള നടപടിയും മാനവ വിഭവശേഷി മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. പുതിയതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ മൂന്ന് മാസത്തിനുളളില്‍ പദ്ധതിയില്‍ അംഗമായാല്‍ മതിയാകും. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ അറുപത് ശതമാനം തുക മൂന്ന് മാസത്തേക്ക് നല്‍കുന്നതാണ് പദ്ധതി. യുഎഇയില്‍ സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലും ജോലി ചെയ്യുന്ന മുഴുവന്‍ ആളുകളും നിര്‍ബന്ധമായും പദ്ധതിയില്‍ അംഗമാകണമെന്നാണ് നിയമം.
16,000 ദിര്‍ഹത്തില്‍ കുറവ് ശമ്പളമുള്ളവര്‍ക്ക് അഞ്ച് ദിര്‍ഹവും അതില്‍ കൂടുതല്‍ ശമ്പളം ഉള്ളവര്‍ക്ക് 10 ദിര്‍ഹമുമാണ് പ്രതിമാസ പ്രീമിയം തുക. പദ്ധതിയില്‍ അംഗമായ ശേഷം തുടര്‍ച്ചയായി മൂന്ന് മാസം വിഹിതം അടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അംഗത്വം റദ്ദാക്കപ്പെടും. ഇതിന് പുറമെ 200ദിര്‍ഹം പിഴയും ഈടാക്കും.