തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ടൂറിസം നിക്ഷേപക സംഗമത്തില്‍(ടൂറിസം ഇന്‍വസ്റ്റേഴ്സ് മീറ്റ്-ടിം) ലഭിച്ചത് 15116.65 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം. 250 കോടി രൂപയുടെ ടൂറിസം പദ്ധതികള്‍ക്കുള്ള ധാരണാപത്രം താമര ലെഷര്‍ പ്രൈവറ്റ് ലിമിറ്റഡുമായി കേരള ടൂറിസം ഒപ്പു വച്ചു. ടൂറിസം നിക്ഷേപക സംഗമത്തിലെ നിര്‍ദ്ദേശങ്ങളും നിക്ഷേപ വാഗ്ദാനങ്ങള്‍ക്കുമുള്ള തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിനു വേണ്ടിയാണ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
സംരംഭങ്ങളുടെ അനുമതിക്ക് വേണ്ടി ടൂറിസം സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് സെക്രട്ടറിമാരുടെ ഏകോപനസമിതിയും പ്രവര്‍ത്തിക്കും. പദ്ധതികള്‍ക്ക് തടസ്സം നേരിട്ടാല്‍ ഏകോപനസമിതിയ്ക്ക് ഇടപെടാനാകും വിധമാകും ഇതിന്‍റെ പ്രവര്‍ത്തനം. ഇതോടൊപ്പം മന്ത്രി തലത്തില്‍ കൃത്യമായ ഇടവേളകളില്‍ യോഗങ്ങള്‍ ചേരുകയും അവലോകനം നടത്തുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
അഞ്ഞൂറോളം നിക്ഷേപകരും സംരംഭകരുമാണ് ടൂറിസം മേഖലയ്ക്ക് വേണ്ടി മാത്രമായി സംഘടിപ്പിച്ച നിക്ഷേപക സംഗമത്തില്‍ പങ്കെടുത്തത്. 46 സ്റ്റാര്‍ട്ടപ്പുകളും ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ നിന്ന് 118 സംരംഭകരും സംഗമത്തിലെത്തി. സ്വകാര്യമേഖലയിലുള്ള 52 പദ്ധതികളും സര്‍ക്കാര്‍ മേഖലയില്‍ നിന്ന് 23 പദ്ധതികളും സംഗമത്തില്‍ അവതരിപ്പിച്ചു. ഇതിലൂടെയാണ് ആശാവഹമായ നിക്ഷേപ വാഗ്ദാനം ലഭിച്ചത്.