കോട്ടയം: സിനിമ-സീരിയൽ നടൻ വിനോദ് തോമസിന്റെ മരണം കാറിനുള്ളിലെ എസിയിൽ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചത് മൂലമെന്ന് സംശയം. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി. വിനോദ് തോമസിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. നവംബർ 18നാണ് വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിനോദ് തോമസിനെ പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മീനടം കുറിയന്നൂർ സ്വദേശിയാണ് വിനോദ് തോമസ്. കാറിൽ കയറിയ വിനോദ് കുറേ നേരമായിട്ടും പുറത്തിറങ്ങിയില്ല. സംശയം തോന്നിയ ബാറിലെ സുരക്ഷാ ജീവനക്കാരൻ കാറിനരികിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയ്യപ്പനും കോശിയും, കുട്ടൻ പിള്ളയുടെ ശിവരാത്രി, ഭൂതകാലം, വാശി, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.