ന്യൂഡൽഹി∙ ബോളിവുഡ് ചിത്രം ‘ധൂം’ ന്റെ സംവിധായകൻ സഞ്ജയ് ഗാധ്വി (56) അന്തരിച്ചു. ഞായറാഴ്ച രാവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മൂത്ത മകൾ സഞ്ജിന ആണ് വിയോഗവിവരം അറിയിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജന്മദിനത്തിന് മൂന്ന് ദിവസം മാത്രം അവശേഷിക്കെയാണ് വിയോഗം. 22നാണ് സഞ്ജയുടെ 57-ാം ജന്മദിനം.
യഷ് രാജ് ഫിലിംസിന്റെ ധൂം (2004), ധൂം 2 (2006) എന്നീ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുടെ സംവിധായകനാണ്. 2000-ൽ ‘തേരേ ലിയേ’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2002ലെ ‘മേരെ യാർ കി ഷാദി ഹേ’ ആണ് യഷ് രാജ് ഫിലിംസുമായുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രം. അജബ് ഗസാബ് ലവ്, ഓപ്പറേഷൻ പരിന്ദേ, കിഡ്നാപ് എന്നിവയാണ് മറ്റു ശ്രദ്ധേയ ചിത്രങ്ങൾ.