പനജി: 54-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയിൽ തിങ്കളാഴ്ച തുടക്കം. നവംബർ 28 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടനച്ചടങ്ങുകൾ വൈകീട്ട് ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടക്കും. ഗോവ ഗവർണർ ശ്രീധരൻ പിള്ള, കേന്ദ്ര വാർത്താ വിനിമയപ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ, സഹമന്ത്രി എൽ. മുരുകൻ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവർ പങ്കെടുക്കും. സത്യജിത്ത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഹോളിവുഡ് നടനും നിർമാതാവുമായ മൈക്കിൾ ഡഗ്ലസിന് സമ്മാനിക്കും.
അഭിനേതാക്കളായ മാധുരി ദീക്ഷിത്, വിജയ് സേതുപതി, പങ്കജ് ത്രിപാഠി, സണ്ണി ഡിയോൾ, സാറാ അലിഖാൻ, ഷാഹിദ് കപൂർ, നിർമാതാവും സംവിധായകനുമായ കരൺ ജോഹർ, സംഗീത സംവിധായകൻ ശന്തനു മൊയ്ത്ര, ഗായകരായ ശ്രേയാ ഘോഷാൽ, സുഖ്‌വീന്ദർ സിങ് തുടങ്ങിയവർ പങ്കെടുക്കും.
ബ്രിട്ടീഷ് ചിത്രം ‘കാച്ചിങ് ഡസ്റ്റ്’ ആണ് ഉദ്ഘാടനദിനത്തിൽ പ്രദർശനത്തിനെത്തുന്നത്. വിവിധ വിഭാഗങ്ങളിലായി 270-ലേറെ ചിത്രങ്ങളാണ് ഇത്തവണ പ്രദർശിപ്പിക്കും. സംവിധായകൻ ശേഖർ കപൂറാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയർമാൻ