ഗസ്സ: ഗസ്സയിലെ വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കുന്നുവെന്ന് റിപ്പോർട്ട്. അൽ-ജസീറയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. വെടിനിർത്തലിന് പകരമായി ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുമെന്നാണ് സൂചന.
ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം വക്താവ് മജീദ് അൽ-അൻസാരി പറഞ്ഞു. വെടിനിർത്തലിന് പകരമായി 240 ബന്ദികളിൽ ചിലരെ ഹമാസ് മോചിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചർച്ചകൾ നടക്കുന്ന വിവരം ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്.
ഗസ്സയിലെ മൂന്ന് ആശുപത്രികൾ രോഗികളെ മാറ്റാൻ സഹായം തേടിയെന്ന് അറിയിച്ച് ലോകാരോഗ്യ സംഘടനയും രംഗത്തെത്തി. അൽ-ശിഫ, ഇന്തോനേഷ്യൻ, അൽ-അഹ്‍ലി തുടങ്ങിയ ആശുപത്രികളാണ് രോഗികളെ ഒഴിപ്പിക്കാൻ ലോകാരോഗ്യസംഘടനയിൽ നിന്ന് സഹായം തേടിയത്. വടക്കൻ ഗസ്സയിലെ മുഴുവൻ ആശുപത്രികളും പ്രവർത്തനം നിർത്തിയെന്നും സ്ഥിതി ഗുരുതരമാണെന്നും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, ഗസ്സ വലിയ പട്ടിണിയിലേക്ക് നീങ്ങുകയാണെന്നാണ് വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നൽകി. വളരെ പരിമിതമായ വെള്ളവും ഭക്ഷ്യവസ്തുക്കളും മാത്രമാണ് ഗസ്സക്ക് ഇപ്പോൾ ലഭിക്കുന്നതെന്നും വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു.