ജിദ്ദ : സൗദിയിൽ ഇനി മുതൽ പെയ്ഡ് പാർക്കിങ്ങുകളിൽ ആദ്യത്തെ 20 മിനിറ്റ് സൗജന്യം. സൗജന്യമായി അനുവദിക്കുന്ന തരത്തിൽ ബന്ധപ്പെട്ട വ്യവസ്ഥകൾ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ അംഗീകരിച്ചു.
പാർക്കിങ്ങുകളുമായി ബന്ധപ്പെട്ട നിയന്ത്രണ ചട്ടക്കൂടിന്റെ ഭാഗമായും വാണിജ്യ സ്ഥാപനങ്ങളിൽ എത്തുന്ന ഉപയോക്താക്കൾക്ക് പാർക്കിങ്ങുകൾ ലഭ്യമാക്കാനും പെയ്ഡ് പാർക്കിങ് മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ വ്യവസ്ഥകൾ മന്ത്രാലയം അംഗീകരിച്ചിരിക്കുന്നത്. ഇതുപ്രകാരം പാർക്കിങിൽ വാഹനം പ്രവേശിക്കുന്നതു മുതൽ ആദ്യത്തെ 20 മിനിറ്റ് സൗജന്യമായിരിക്കും. നിലവിൽ 7 മിനിറ്റ് മാത്രമായിരുന്നു സൗജന്യമായി ഉണ്ടായിരുന്നത്. അതാണ് 20 മിനിറ്റായി ഉയർത്തിയത്. വ്യാപാര സ്ഥാപനങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും പാർക്കിങ്ങുകളിൽ വികലാംഗർക്കുള്ള പാർക്കിങ്ങുകൾ സൗജന്യമായി തന്നെ തുടരും.