പത്തനംതിട്ട/ പാലാ: പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളിലുണ്ടായ കനത്ത മഴയിൽ വ്യാപക നാശം. രണ്ടു ജില്ലകളിലായി രണ്ടുപേരെ ഒഴുക്കിൽപെട്ട് കാണാതായി. പാലാ ഭരണങ്ങാനത്ത് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെയും പത്തനംതിട്ട നാരങ്ങാനത്ത് വയോധികയെയുമാണ് കാണാതായത്.
പത്തനംതിട്ട ഇലന്തൂരിലെ കൊട്ടതട്ടി മല, നഗരത്തോട് ചേർന്ന ചുരുളിക്കോട്, ചെന്നീർക്കര എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ഇവിടങ്ങളിൽനിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മഴവെള്ളപ്പാച്ചിലിനെത്തുടർന്ന് കാല്‍വഴുതി തോട്ടിൽവീണാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് സിബിച്ചന്‍റെ മകള്‍ മരിയയെ കാണാതായത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ചിറ്റാനപ്പാറക്ക് സമീപമായിരുന്നു അപകടം. ചിറ്റാനപ്പാറ-അയ്യമ്പാറ റോഡിലൂടെ പോകുന്നതിനിടെ ശക്തമായ മഴയെത്തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലില്‍ കാല്‍വഴുതിയ വിദ്യാര്‍ഥിനി കുന്നേമുറി കൈത്തോട്ടിലേക്ക് വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയും ശക്തമായ ഒഴുക്കില്‍പെട്ട് റോഡില്‍ വീണു. ഈ സമയം ഇതുവഴി കടന്നുപോയ സ്‌കൂള്‍ബസിലെ ഡ്രൈവര്‍ ഓടിയെത്തി പിടിച്ചെങ്കിലും മരിയ പിടിവിട്ട് ഒഴുക്കില്‍പെടുകയായിരുന്നു. മറ്റേ കുട്ടിയെ രക്ഷപ്പെടുത്തി.
പാലാ അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയെങ്കിലും കനത്ത മഴ തിരച്ചില്‍ ദുഷ്‌കരമാക്കി. ഈരാറ്റുപേട്ടയിലെ നന്മ സന്നദ്ധ പ്രവർത്തകരും തിരച്ചിലിനെത്തി. കനത്ത മഴയും വെളിച്ചക്കുറവുംമൂലം രാത്രി 7.30ന് രക്ഷാപ്രവർത്തനം നിർത്തിവെച്ചു. നാരങ്ങാനത്ത് ബുധനാഴ്ച ഉച്ചകഴിഞ്ഞ് വെസ്റ്റ് വലിയകുളത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ സുധർമയെയാണ് (71) കാണാതായത്. അഗ്നിരക്ഷാ സേനയും ആറന്മുള പൊലീസും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രിയിലും തിരച്ചിൽ നടത്തുന്നുണ്ട്.
പത്തനംതിട്ടയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശബരിമല തീര്‍ഥാടകര്‍ക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഉച്ചക്കുശേഷം പത്തനംതിട്ട നഗരപ്രദേശങ്ങളിലും മറ്റുമായി 200 മില്ലീമീറ്ററിന് മുകളിൽ മഴ ലഭിച്ചു. ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രയും വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും കലക്ടർ എ. ഷിബു നിരോധിച്ചു.



