കുവൈത്ത് സിറ്റി: കുവൈത്തിൽ ചെറുകിട ഇടത്തരം സംരംഭക നിയമങ്ങളില്‍ ഭേദഗതിയുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. മാനവ വിഭവശേഷി അധികൃതരാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി റെസ്റ്റോറന്റ് മേഖലയിലെയും ഡെലിവറി കമ്പനികളിലെയും നിയന്ത്രണങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തും. റസ്റ്റോറന്റ് മേഖലയില്‍ തൊഴിലാളികളുടെ എണ്ണം പത്തില്‍ നിന്നും 15 തൊഴിലാളികളായി ഉയർത്തിയിട്ടുണ്ട്. അതോടൊപ്പം ഡെലിവറി കമ്പനികളില്‍ ഉപയോഗിക്കുന്ന കാറുകളുടെ പരമാവധി പഴക്കം അഞ്ചില്‍നിന്ന് ഏഴ് വർഷമായും ഡെലിവറി ബൈക്കുകളുടെ പരമാവധി കാലപ്പഴക്കം മൂന്നില്‍നിന്ന് നാല് വര്‍ഷമായും വര്‍ധിപ്പിച്ചിട്ടുണ്ട്.
ബൈക്കുകള്‍ രജിസ്‌റ്റര്‍ ചെയ്യുന്നതിനായി നേരത്തെ ഗ്യാരണ്ടിയായി നിശ്ചയിച്ചിരുന്ന 500 ദിനാറും റദ്ദാക്കി. പുതിയ തീരുമാനങ്ങള്‍ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് കൂടുതല്‍ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഇല്ലാതിരിക്കുകയും സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്നതിന് സ്വദേശികള്‍ വൈമുഖ്യം കാണിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വദേശികളെ തൊഴിലുടമകളാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത്.
കൂടുതല്‍ യുവാക്കള്‍ തൊഴിലുടമകളാകുന്നതോടെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.



