കോഴിക്കോട്: പലസ്തീനിൽ നിന്ന് കേൾക്കുന്നത് അതീവ സങ്കടകരമായ വാർത്തകളാണെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. പലസ്തീനിൽ ആക്രമിക്കപ്പെട്ടത് ആശുപത്രികളാണ്. മരിച്ച 12,000 പേരിൽ കൊല്ലപ്പെട്ടത് 40 ശതമാനവും കുട്ടികൾ. മിസൈലുകളും മാരകായുധങ്ങളുമായി ചെന്നാണ് അവരെ കൊന്നൊടുക്കിക്കയത്. ഇത് ലോക ചരിത്രത്തിൽ പോലും ആദ്യമെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ പറഞ്ഞു. കോഴിക്കോട് നടക്കുന്ന കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സംസാരിക്കുകയായിരുന്നു കെ സി വേണുഗാപാൽ.
‘പിറന്ന മണ്ണിൽ ജീവിക്കാനായി എത്ര വർഷമായി തുടങ്ങിയ പോരാട്ടമാണിത്. പലസ്തീൻ വിഷയത്തിൽ നയം രൂപപ്പെടുത്തി കോൺഗ്രസിന് നൽകിയത് മഹാത്മാ ഗാന്ധിയാണ്. നെഹ്റു അത് ഏറ്റെടുത്തു. പലസ്തീനിലേക്ക് അംബാസിഡറെ അയച്ചത് കോൺഗ്രസ് ഭരിച്ച ഇന്ത്യയായിരുന്നു. അറബ് രാജ്യങ്ങളുടെ മകളും സഹോദരിയും ആയിരുന്നു ഇന്ദിരാ ഗാന്ധി. ലോകമുറ്റ് നോക്കിയ യാസർ അറാഫത്തിന്റെ പ്രമേയം അംഗീകരിച്ച പ്രധാനമന്ത്രിയാണ് ഇന്ദിര’. കെ സി വേണുഗോപാൽ പറഞ്ഞു.
‘മോദിക്ക് ഇസ്രയേലിനോട് ഇത്ര മമത എന്തിനാണ്?. ബെഞ്ചമിൻ നെതന്യാഹുവും മോദിയും ഒരേ ടൈപ്പാണ്. ഒരാൾ സയണിസവും മറ്റേയാൾ വംശഹത്യയും പ്രോൽസാഹിപ്പിക്കുന്നു. കോൺഗ്രസിന് ഒരു നയമേ ഉള്ളൂ. ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് മാറ്റുന്ന നയം ഇല്ല. അത് ഗാന്ധിജിയും ഇന്ദിരയും നെഹ്‍റുവും പറഞ്ഞ നയമാണ്. വേറെ ചിലർക്ക് പ്രശ്നം വേറെയാണ്. ചൈനക്ക് മുമ്പിലും ഞങ്ങൾ കവാത്ത് മറക്കില്ല’. സിപിഐഎമ്മിനെ പരോക്ഷമായി വിമർശിച്ച് കൊണ്ട് കെ സി വേണുഗോപാൽ വ്യക്തമാക്കി.