കൊച്ചി∙ കണ്ടല സഹകരണബാങ്ക് തട്ടിപ്പില്‍ അറസ്റ്റിലായ സിപിഐ നേതാവും മുന്‍ ബാങ്ക് പ്രസിഡന്റുമായ എന്‍.ഭാസുരാംഗനെയും, മകന്‍ അഖില്‍ജിത്തിനെയും ഡിസംബര്‍ 5 വരെ റിമാന്‍ഡ് ചെയ്തു. ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രതികളെ എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കിയത്. സുഖമില്ലാത്ത ആളാണെന്നും ചികിത്സ ആവശ്യമാണെന്നും ഭാസുരാംഗന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഭാസുരാംഗന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിമാന്‍ഡ് ഒഴിവാക്കാനാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇഡി വ്യക്തമാക്കി. തുടര്‍ന്ന് രണ്ട് പ്രതികളേയും കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. പത്തു മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമാണ് ഇഡി എന്‍.ഭാസുരാംഗനെയും, മകന്‍ അഖില്‍ജിത്തിനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇവരെ ഇന്നു വരെ ഇഡി കസ്റ്റഡിയില്‍ വിടുകയായിരുന്നു. 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡന്റും സിപിഐ പ്രാദേശിക നേതാവുമായിരുന്നു ഭാസുരാംഗന്‍. ഇ.ഡി. അന്വേഷണം പുരോഗമിക്കുന്നതിനിടെ സിപിഐ ഭാസുരാംഗനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ എന്‍.ഭാസുരാംഗന്‍ സ്വന്തം നിലയിലും കുടുംബാംഗങ്ങളുടെ പേരിലും 2.36 കോടി രൂപ വായ്പയെടുത്തുവെന്ന് ബാങ്ക് ഭാരവാഹികള്‍ അറിയിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയെ അറിയിച്ചു. ഇതിന്റെ പലിശയടക്കം ഭാസുരാംഗന്‍ ബാങ്കില്‍ അടച്ചു തീര്‍ക്കാനുണ്ട്. ഇതില്‍ 1.87 കോടി രൂപയുടെ വായ്പയുടെ കാര്യം ഭാസുരാംഗന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സഹകരണ റജിസ്ട്രാറുടെ അന്വേഷണത്തില്‍ 57 കോടി രൂപയുടെ നഷ്ടം ബാങ്കിനു സംഭവിച്ചതായാണു കണ്ടെത്തിയതെങ്കിലും ഇ.ഡിയുടെ അന്വേഷണത്തില്‍ തട്ടിപ്പ് 200 കോടി രൂപ കവിയും.