ഹവാന: ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ക്യൂബയിൽ പലസ്തീൻ ഐക്യദാർഢ്യ മാർച്ച്. ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ് കനാലിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് ആളുകളാണ് വ്യാഴാഴ്ച ഹവാനയിലെ ഐതിഹാസിക ബോർഡ്വാക്കിലൂടെ മാർച്ച് ചെയ്തത്. കറുപ്പും വെളുപ്പും കലർന്ന പലസ്തീനിയൻ കെഫിയെ ധരിച്ചാണ് ക്യൂബൻ പ്രസിഡൻ്റ് മാർച്ചിൽ പങ്കെടുത്തത്. ഡിയാസ് കനാലിനൊപ്പം പ്രധാനമന്ത്രി മാനുവൽ മാരേറോ, വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് അടക്കമുള്ള ക്യൂബയുടെ പ്രധാന നേതാക്കളും മാർച്ചിൽ അണിനിരന്നു. രണ്ട് കിലോമീറ്റർ ദൂരം കാൽനടയായിട്ടായിരുന്നു ക്യൂബൻ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിലുള്ള പലസ്തീൻ ഐക്യദാർഢ്യ മാർച്ച്. ‘ഫാസിസ്റ്റ് യാങ്കീസ്, നിങ്ങൾ തീവ്രവാദികളാണ്’ എന്ന മുദ്രാവാക്യം മുഴക്കിയുള്ള മാർച്ച് അമേരിക്കൻ എംബസിക്ക് മുന്നിലൂടെയായിരുന്നു കടന്ന് പോയത്.
പരസ്പര സഹകരണ പരിപാടിയുടെ ഭാഗമായി ക്യൂബയിലെത്തിയ പലസ്തീൻ മെഡിക്കൽ വിദ്യാർഥികളും മാർച്ചിൽ പങ്കാളികളായി. ‘പലസ്തീനെ സ്വതന്ത്ര്യമാക്കുക’ എന്നെഴുതിയ പോസ്റ്ററുകളുമായി നിരവധി യുവാക്കളാണ് മാർച്ചിൽ അണിനിരന്നത്. മറ്റുചിലർ ‘സ്വതന്ത്രം, സ്വതന്ത്ര പലസ്തീൻ, ഇസ്രയേലിൻ്റേത് വംശഹത്യയാണ്, പലസ്തീൻ സ്വാതന്ത്ര്യത്തിനൊപ്പം’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മാർച്ചിൻ്റെ ഭാഗമായതെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന ക്യൂബയിലെ യുവജന ഗ്രൂപ്പുകളുടെ അസോസിയേഷനുകൾ വിളിച്ചുചേർത്ത ഒരു മണിക്കൂർ നീണ്ട മാർച്ചിൽ 100,000 പേർ പങ്കെടുത്തതായി ക്യൂബൻ ആഭ്യന്തര മന്ത്രാലയം എക്സിൽ കുറിച്ചു.
ഇതിനിടെ ഗാസയിൽ നാല് ദിവസത്തെ താത്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ഹമാസ് ബന്ദികളാക്കിയ സ്ത്രീകളും കുട്ടികളുമായി 13 പേരെ വൈകീട്ട് വിട്ടയക്കും. ഇന്ത്യൻ സമയം ഏഴരയോടെ റെഡ്ക്രോസിനാകും ബന്ദികളെ കൈമാറുക. ഇസ്രയേലിലെ ജയിലുകളിലുള്ള 39 പലസ്തീൻ തടവുകാരേയും വിട്ടയക്കും. ഇവരെ വെസ്റ്റ് ബാങ്കിലെ റാമല്ലയിലെത്തിക്കാനാണ് ധാരണ. 4 ദിവസം കൊണ്ട് 50 ബന്ദികളെ മോചിപ്പിക്കാം എന്നാണ് ധാരണ. ഓരോ 10 ബന്ദികളുടെയും മോചനത്തിന് ഒരു ദിവസം അധിക വെടിനിർത്തലുണ്ടാകുമെന്നും ധാരണയായിട്ടുണ്ട്. ഗാസയിലേക്ക് അവശ്യസാധനങ്ങളുമായി ട്രക്കുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. നാല് ദിവസത്തേക്കാണ് താത്കാലിക വെടിനിർത്തൽ.
മരുന്നും അവശ്യ സാധനങ്ങളുമായാണ് ഗാസയിലേക്ക് ട്രക്കുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. ഓരോ ദിവസവും 300 ട്രക്ക് അവശ്യ സാധനങ്ങളും ഒരു ലക്ഷത്തിലധികം ലിറ്റർ ഇന്ധനവും ഈജിപ്ത് വഴി എത്തിക്കാനാണ് നിലവിലെ ശ്രമം. ഇന്ധനമെത്തുന്നതോടെ ഗാസയിലെ ആശുപത്രികളുടെ പ്രവർത്തനം പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. പ്രത്യാശയുടെ നുറുങ്ങുവെട്ടം എന്നാണ് വെടിനിർത്തലിനെ ഖത്തർ വിശേഷിപ്പിച്ചത്. സാഹചര്യം നിരീക്ഷിക്കുകയാണെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം തുടരുമെന്നും ഖത്തർ വിദേശകാര്യ വക്താവ് അറിയിച്ചു.
അതേസമയം വെടിനിർത്തലിന് തൊട്ടുമുമ്പ് വരെ ഇസ്രയേൽ സൈന്യം ഗാസയിൽ രൂക്ഷമായ ആക്രമണം നടത്തി. ഇന്തോനേഷ്യൻ ആശുപത്രിയുടെ ഒരു ഭാഗം ഷെല്ലാക്രമണത്തിൽ തകർന്നു. ജബലിയ അഭയാർഥിക്യാമ്പിൽ 27 പേർ കൊല്ലപ്പെട്ടു. ബെയ്ത് ഹനൂനിലെ ജനവാസ കേന്ദ്രത്തിലും ആക്രമണമുണ്ടായി. 24 മണിക്കൂറിനിടെ 300 ഹമാസ് കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. വെസ്റ്റ് ബാങ്കിലും സൈന്യം പരിശോധന നടത്തി. അതിനിടെ അൽ-ഷിഫ ആശുപത്രി ഡയറക്ടറെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തമാണ്. ആശുപത്രികളെ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്നും ഡോക്ടർമാരെ ഉടൻ വിട്ടയക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്.