നാലംഗ കുടുംബത്തെ കൊലപ്പെടുത്തി വീടിന് തീയിട്ട കേസിൽ സഹോദരങ്ങൾക്ക് ജീവപര്യന്തം തടവ്

Global Indian Writer · November 19, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ന്യൂയോർക്ക്: ബന്ധുവിനെയും പങ്കാളിയെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും പീഡിപ്പിച്ചു കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാൻ വീടിന് തീയിടുകയും ചെയ്ത കേസിൽ സഹോദരങ്ങളായ ജൂലിയോ സോറിയാനോ (36), ലൂയിസ് സോറിയാനോ (34) എന്നിവർക്ക് പരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ന്യൂയോർക്കിലെ മൺറോ കൗണ്ടി കോടതിയാണ് തിങ്കളാഴ്ച ശിക്ഷ പ്രഖ്യാപിച്ചത്.

2024 ഓഗസ്റ്റ് 31-ന് റോച്ചസ്റ്ററിന് സമീപമുള്ള അയൺഡെക്വോയിറ്റിലായിരുന്നു നാടിനെ നടുക്കിയ സംഭവം. പ്രതികളുടെ ബന്ധുവായ ഫ്രെയിം ഉബാൾഡോ (30), പങ്കാളി മാരാഞ്ചലി മൊറേനോ-സാന്റിയാഗോ (26), മക്കളായ ഇവാഞ്ചലിൻ (4), സെബാസ്റ്റ്യൻ (2) എന്നിവരാണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
കുടുംബാംഗങ്ങളെ കെട്ടിയിട്ട് മർദ്ദിച്ച ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് തെളിവുകൾ നശിപ്പിക്കാനായി വീടിന്റെ എട്ടിടങ്ങളിൽ പ്രതികൾ തീയിട്ടു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തീവെപ്പ് തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് ഇരുവർക്കും ജീവിതാവസാനം വരെ തടവുശിക്ഷ വിധിച്ചത്.

Share this story

Leave a Comment

Your comment will be visible after admin approval.