കൊച്ചി: കുസാറ്റിൽ സംഗീതനിശയ്ക്ക് മുന്നോടിയായുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലുപേർ മരിച്ച സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് പൊലീസ് റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോർട്ട് എഡിജിപിക്ക് സമർപ്പിച്ചത്. മതിയായ സുരക്ഷാ നടപടികൾ സംഗീത പരിപാടിക്കായി സ്വീകരിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ ആളുകൾ എത്തുമെന്ന് അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ല. പരിപാടിയുടെ നടത്തിപ്പിലും വീഴ്ച പറ്റി. ആളുകളിൽ നിന്ന് കൂടുതൽ വിവര ശേഖരണം നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഓഡിറ്റോറിയത്തിലെ പരിപാടികൾക്ക് മാനദണ്ഡം വരുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഇതിനായി യോഗം ചേർന്നുവെന്നും ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാവും ഉത്തരവിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തെക്കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. പരിപാടി പൊലീസിനെ അറിയിച്ചില്ല എന്നത് ഗുരുതരമായ കാര്യമാണെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞിരുന്നു. ഗാനനിശക്കിടെ ഉണ്ടായ അപകടത്തില്‍ സംഘാടകർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.