കോഴിക്കോട്: നവ കേരള സദസ്സിൽ പങ്കെടുത്ത കോൺഗ്രസ്-ലീഗ് നേതാക്കൾക്ക് സസ്പെൻഷൻ. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗവും മുൻ പെരുവയൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻറുമായ എൻ അബൂബക്കർ, താമരശേരിയിൽ നവ കേരള സദസ്സിൽ പങ്കെടുത്ത മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളായ കൊടുവള്ളി മണ്ഡലം സെക്രട്ടറി യുകെ ഹുസൈൻ, മൊയ്തു മുട്ടായി എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംസ്ഥാന കമ്മറ്റിയാണ് നടപടി എടുത്തത്.
യുഡിഎഫ് ബഹിഷ്ക്കരണം മറികടന്നാണ് കോൺഗ്രസ്-ലീഗ് പ്രാദേശിക നേതാക്കൾ നവകേരള സദസ് വേദിയിലെത്തിയത്. കുന്ദമംഗലത്തെ നവകേരള സദസ്സ് പ്രഭാത ഭക്ഷണ യോഗത്തിലാണ് നേതാക്കൾ എത്തിയത്. വികസനത്തിനും പുരോഗതിക്കും വേണ്ടി ഒന്നിച്ച് നിൽക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രതികരണം.
രാഷ്ട്രീയം നോക്കാതെയാണ് നവകേരള സദസ്സിലേക്കെത്തിയതെന്നാണ് ലീഗ് നേതാവ് മൊയ്തു പറഞ്ഞത്. യുഡിഎഫ് ബഹിഷ്ക്കരണത്തിനും വിമർശനത്തിനും അവരുടെ നേതാക്കളെ തന്നെ നവകേരള സദസിന്റെ ഭാഗമാക്കിയാണ് എൽഡിഎഫ് പ്രതിരോധം.