ആലപ്പുഴ : മറ്റപ്പള്ളിയിൽ ജനകീയ പ്രതിഷേധം അവഗണിച്ച് വീണ്ടും കുന്നിടിക്കൽ ആരംഭിച്ചതിൽ പ്രതികരിച്ച് കൃഷി മന്ത്രി പി പ്രസാദ്. മണ്ണെടുക്കാനുള്ള കോടതി അനുമതി നിലവിലുണ്ടെന്നും കോടതി വിധി അനുസരിച്ചുള്ള നടപടികളാണ് നടക്കുന്നതെന്നും മന്ത്രി പ്രസാദ് പ്രതികരിച്ചു. കോടതി വിധി നടപ്പാക്കുന്നതിനായി സംരക്ഷണം കൊടുക്കാൻ പൊലീസിന് ബാധ്യതയുണ്ട്. കോടതി വിധി ഉള്ളത് കൊണ്ട് കുന്നിടിക്കലിനെതിരെ നിരോധന ഉത്തരവ് ഇറക്കുന്നതിലും നിയമപരമായ പ്രശ്നങ്ങളുണ്ട്. കലക്ടറുടെ അന്വേഷണം പൂർത്തിയായിട്ടില്ല. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്നത്തെ കാര്യത്തിൽ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
ജനകീയ പ്രതിഷേധം അവഗണിച്ചാണ് മറ്റപ്പള്ളിയിൽ ഇന്ന് വീണ്ടും കുന്നിടിക്കൽ ആരംഭിച്ചിരിക്കുന്നത്. കരാർ കമ്പനി ജീവനക്കാർ കുന്നിലെത്തി ജെസിബി ഉപയോഗിച്ച് മണ്ണിടിച്ച് ടോറസ് ലോറികളിൽ നീക്കിത്തുടങ്ങി. മണ്ണെടുപ്പ് നിർത്തിവെക്കണമെന്ന സർവകക്ഷി യോഗ തീരുമാനം നിലൽക്കെയാണ് വീണ്ടും കുന്നിടിക്കൽ തുടങ്ങിയത്. തനിക്ക് ഒരു സ്റ്റോപ് മെമ്മോയും ലഭിച്ചിട്ടില്ലെന്നും മണ്ണെടുക്കാനുള്ള കോടതി അനുമതിയുടെ അടിസ്ഥാനത്തിലാണെത്തിയതെന്നും കരാറുകാരൻ പറഞ്ഞു.
മണ്ണെടുപ്പ് തുടങ്ങിയതോടെ നാട്ടുകാരും പ്രതിഷേധം ആരംഭിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാട്ടുകാർ പ്രകടനമായി കുന്നിലേക്കെത്തി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. കോടതി ഉത്തരവുണ്ടെന്നതിനാൽ കുന്നിടിക്കൽ നിർത്തിവെക്കില്ലെന്ന നിലപാടിലാണ് കരാറുകാരൻ. മണ്ണെടുപ്പ് തുടരുമെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ജനങ്ങളെ അണിനിരത്തി ശക്തമായി എതിർക്കുമെന്നാണ് സിപിഎം പ്രദേശിക നേതാക്കളുടെയും പ്രതികരണം.
റാന്നി എംഎൽഎക്കെതിരെ പ്രതിഷേധം
മറ്റപള്ളിയിലെത്തി സമരത്തിന് ഒപ്പം അണിചേർന്ന പ്രദേശവാസി കൂടിയായ റാന്നി എംഎൽഎ പ്രമോദ് നാരായണനെതിരെ പ്രതിഷേധം. കുന്നിടിക്കലിനെതിരെ പ്രതിഷേധക്കാർക്ക് ഒപ്പം കുത്തിയിരിക്കുന്ന ഇടത് എംഎൽഎക്കെതിരെയും നാട്ടുകാർ പ്രതിഷേധിച്ചു. മാധ്യമങ്ങളെ കാണിക്കാൻ വേണ്ടിയാണ് എംഎൽഎ എത്തിയതാണെന്ന് ആക്ഷേപം. എന്നാൽ സമരം തുടങ്ങിയപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നിരുന്നുവെന്നാണ് പ്രമോദ് നാരായണൻ എംഎൽഎയുടെ വിശദീകരണം