അരിയിൽ ഷുക്കൂർ വധക്കേസിൽ 18 പ്രതികൾക്ക് ആശ്വാസം :പി. ജയരാജൻ, ടി.വി രാജേഷ് എന്നിവരെ കോടതി വെറുതെ വിട്ടു

Global Indian Writer · November 19, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ 18 പ്രതികൾക്ക് ആശ്വാസം. കേസിൽ സിപിഎം നേതാക്കളായ പി. ജയരാജൻ, ടി.വി രാജേഷ് എന്നിവരെ കോടതി വെറുതെ വിട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനും കുറ്റവിമുക്തി ലഭിച്ചു. ഗണേശൻ, ഉമേശൻ, നിതിൻ നാരായണൻ, സുധാകൻ, അജയകുമാർ എന്നിവരെയും കോടതി വെറുതെ വിട്ടു. എംഎസ്എഫ് നേതാവും യൂത്ത് ലീഗ് പ്രവർത്തകനുമായിരുന്ന അരിയിൽ അബ്ദുൽ ഷുക്കൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷും ഉൾപ്പെടെ 33 പേരായിരുന്നു കേസിലെ പ്രതികൾ. രണ്ടുപേർ മരിച്ചതോടെ 31 പേരാണ് വിചാരണ നേരിട്ടത്.


കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പേരിൽ ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി മനോഹരൻ, പത്താം പ്രതി എം.വി. ദിനേശൻ എന്നിവരും ഉൾപ്പെടുന്നു. 12-ാം പ്രതി ബിജുമോൻ, 14-ാം പ്രതി ഇ.പി. രാധാകൃഷ്ണൻ, 15-ാം പ്രതി ഷിജിൻ മോഹൻ, 16-ാം പ്രതി കെ.വി. സജിത്ത് എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

25-ാം പ്രതി വി.വി. മോഹനൻ, 26-ാം പ്രതി പുരുഷോത്തമൻ, 27-ാം പ്രതി പി.കെ. അജിത് കുമാർ, 28-ാം പ്രതി പി.പി. സുരേശൻ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവർ.

2012 ഫെബ്രുവരി 20നാണ് കണ്ണൂർ കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിന് സമീപം ഷുക്കൂർ കൊല്ലപ്പെട്ടത്. അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും അന്നത്തെ കല്യാശ്ശേരി എംഎൽഎ ടി.വി. രാജേഷും സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ.

Share this story

Leave a Comment

Your comment will be visible after admin approval.