റഫ: ഹമാസ് കൂടുതൽ ബന്ദികളെ വിട്ടയച്ചാൽ വെടിനിർത്തൽ നീട്ടാൻ തയ്യാറാണെന്ന് ഇസ്രയേൽ പറയുന്നു. ഈജിപ്ത്, ഖത്തർ, അമേരിക്ക എന്നീ രാജ്യങ്ങൾ നാലുദിവസത്തെ വെടിനിർത്തൽ നീട്ടാൻ സമ്മർദം ചെലുത്തുന്നുണ്ട്. നേരത്തെ പ്രഖ്യാപിക്കപ്പെട്ട വെടിനിർത്തൽ ഇന്ന് തീരുന്ന പശ്ചാത്തലത്തിലാണ് വെടിനിർത്തൽ നീട്ടാനുള്ള ശ്രമങ്ങൾ ത്വരിതപ്പെട്ടിരിക്കുന്നത്. 50 ബന്ദികളെ കൂടി വിട്ടയക്കുന്നതിന് പകരമായി വെടിനിർത്തൽ നീട്ടാനുള്ള സന്നദ്ധത ഹമാസിനെ അറിയിച്ചതായി ഇസ്രയേൽ സർക്കാരിൻ്റെ വക്താവ് ഐലോൺ ലെവി വ്യക്തമാക്കി. 184 ഇസ്രയേലി പൗരന്മാര്‍ ഗാസയിൽ ബന്ദികളായി ഉണ്ടെന്നാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. മോചിപ്പിക്കേണ്ട പലസ്തീൻ തടവുകാരുടെ പേരുകളുടെ മറ്റൊരു ലിസ്റ്റ് ലഭിച്ചിട്ടുണ്ടെന്നും ചർച്ചകൾ തുടരുകയാണെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഹമാസ് ഇതുവരെ 58 ബന്ദികളെ മോചിപ്പിച്ചു. 117 പലസ്തീൻ തടവുകാരെ ഇസ്രയേൽ ജയിലുകളിൽ നിന്നും വിട്ടയച്ചു. നാല് ദിവസം കൊണ്ട് ഹമാസ് തടവിലുള്ള 50 ബന്ദികളെ മോചിപ്പിക്കാം എന്നായിരുന്നു വെടിനിർത്തൽ ധാരണ. ഓരോ 10 ബന്ദികളുടെയും മോചനത്തിന് ഒരു ദിവസം അധിക വെടിനിർത്തലുണ്ടാകുമെന്നും ധാരണയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെ ഗാസയിൽ 34 ആശുപത്രികൾ തകർന്നെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അധിനിവേശ വെസ്റ്റ് ബാങ്കിൽ 60ലധികം പലസ്തീനികളെ ഇസ്രയേൽ സൈന്യം ഒറ്റരാത്രികൊണ്ട് അറസ്റ്റ് ചെയ്തതായി പലസ്തീൻ പ്രിസണേഴ്‌സ് ക്ലബ് വെളിപ്പെടുത്തി. ഇസ്രയേലിന്റെ അനുമതിയില്ലാതെ ഗാസയിൽ സ്റ്റാർലിങ്ക് സജീവമാക്കില്ലെന്ന് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് സമ്മതിച്ചതായി ഇസ്രയേലി കമ്മ്യൂണിക്കേഷൻസ് മന്ത്രി പറഞ്ഞു. നേരത്തെ ഗാസയിൽ ഉപഗ്രഹ ആശയവിനിമയ സൗകര്യമില്ലാത്ത ഇടങ്ങളിൽ സ്റ്റാർലിങ്ക് സൗകര്യം ഏർപ്പെടുത്തുമെന്ന് ഇലോൺ മസ്ക് അറിയിച്ചിരുന്നു.
ഇതിനിടെ നെതന്യാഹുവും മസ്‌കും ഒക്‌ടോബർ 7ന് ഹമാസ് ആക്രമണം നടന്ന കെഫാർ അസ്സയിൽ സന്ദർശനം നടത്തിയതായാണ് റിപ്പോർട്ട്. പര്യടനത്തിനിടെ, നെതന്യാഹു ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ മസ്‌കിനെ ധരിപ്പിച്ചു. ഷാർ ഹനേഗീവ് റീജിയണൽ കൗൺസിൽ മേധാവി യോസി കെറനും വിവരങ്ങൾ മസ്കിന് വിശദീകരിച്ച് കൊടുത്തു. സ്വീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇസ്രയേലിന്റെ അനുമതിയില്ലാതെ ഗാസയിൽ സ്റ്റാർലിങ്ക് സജീവമാക്കേണ്ടതില്ലെന്ന് മസ്‌ക് സമ്മതിച്ചതായി ഇസ്രയേൽ വ്യക്തമാക്കിയിരിക്കുന്നത്.
ഇതിനിടെ ഗാസയിൽ സ്ഥിരമായ വെടിനിർത്തൽ ആവശ്യപ്പെട്ട് ഇറാൻ രംഗത്ത് വന്നിട്ടുണ്ട്. ഗാസയ്‌ക്കെതിരായ സയണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരമായ ആക്രമണം ആവർത്തിക്കരുതെന്ന അഭ്യർത്ഥനയും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് മുന്നോട്ടുവെച്ചു. ‘പലസ്തീൻ ജനതയ്‌ക്കെതിരായ സയണിസ്റ്റ് ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു ഇറാനിയൻ സർക്കാരിൻ്റെ വക്താവ് നാസർ കനാനി വ്യക്തമാക്കിയത്. പ്രതിവാര വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കനാനി.
അധിനിവേശ വെസ്റ്റ്ബാങ്കിലെ ഇസ്രയേലി പാർപ്പിട സമുച്ചയങ്ങളുടെ വിപുലീകരണത്തെ പ്രോത്സാഹിപ്പിക്കാനുള്ള ഇസ്രയേലിൻ്റെ നീക്കത്തിനെതിരെ പലസ്തീൻ വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നു. അധിനിവേശ വെസ്റ്റ്ബാങ്കിൽ പാർപ്പിട സമുച്ചയം പ്രോത്സാഹിപ്പിക്കുന്നതിനായി വലിയ ബജറ്റ് വകയിരുത്താനുള്ള ഇസ്രയേൽ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ചിൻ്റെ പ്രഖ്യാപനത്തെ പലസ്തീൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ‘വെസ്റ്റ് ബാങ്കിലെ ഏരിയ സിയിലെ ഇസ്രായേലി സെറ്റിൽമെൻ്റുകൾ വികസിപ്പിക്കുന്നതിന് ദശലക്ഷക്കണക്കിന് ഷെക്കലുകൾ അനുവദിക്കാനുള്ള ബജറ്റിനെക്കുറിച്ചുള്ള സ്ട്രേമിച്ചിൻ്റെ പ്രസ്താവന, ആ പ്രദേശങ്ങളിൽ പലസ്തീനികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ തടയാനായി പണം വകയിരുത്തുന്നു എന്ന നിലയിൽ കാണണമെന്നാണ് പലസ്തീൻ വിദേശകാര്യ മന്ത്രാലയം എക്സിൽ കുറിച്ചത്.
ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള യുഎൻ പ്രമേയത്തിന് വിരുദ്ധമാണ് വെസ്റ്റ് ബാങ്കിൽ ഇസ്രയേലി പാർപ്പിട സമുച്ചയങ്ങൾ വിപുലീകരിക്കാനുള്ള സ്മോട്രിച്ചിൻ്റെ നിലപാടെന്നും പലസ്തീൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഇസ്രയേൽ ധനമന്ത്രിയുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ ഉണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് പലസ്തീൻ മന്ത്രാലയം ഇസ്രയേൽ സർക്കാരിന് മുന്നറിയിപ്പ് നൽകി. ഇസ്രയേലി കുടിയേറ്റക്കാരെയും ഇസ്രയേൽ സേനയെയും പിന്തുണക്കാൻ സ്മോട്രിച്ചും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറും ഗാസയിലെ ഇസ്രായേലിന്റെ യുദ്ധം ‘മുതലെടുക്കുക’യാണെന്നും സോഷ്യൽ മീഡിയ കുറിപ്പിൽ പറയുന്നു. യൂറോപ്യൻ യൂണിയന്റെ വിദേശ നയ മേധാവി ബോറെലും ഈ നീക്കത്തിനെതിരെ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു.