പത്തനംതിട്ട: പത്തനംതിട്ട സിപിഐയിൽ പൊട്ടിത്തെറി. ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് എ.പി. ജയൻ പുറത്തായതിന്
പിന്നാലെ രാജിക്കൊരുങ്ങി ഒരു വിഭാഗം നേതാക്കള്‍. അനധികൃത സ്വത്ത് സമ്പാദനത്തില്‍ ജയന് വ്യക്തമായ പങ്കുണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.
ജയനെ അനുകൂലിക്കുന്ന പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മിറ്റി അംഗങ്ങളാണ് കൂട്ടരാജി നൽകിയത്. കടുത്ത വിഭാഗീയതയുടെ ഭാഗമായിട്ടാണ് എ.പി ജയനെതിരായ പരാതിയും നടപടിയും എന്നാണ് അനുകൂലിക്കുന്നവരുടെ
നിലപാട്. എന്നാൽ അനധികൃത സ്വത്ത് സമ്പാദനത്തിൽ വ്യക്തമായ തെളിവുകൾ പാർട്ടിക്ക് കിട്ടിയത് കൊണ്ടാണ് എല്ലാ സ്ഥാനങ്ങളിൽ നിന്നും ജയനെ നീക്കിയതെന്നും എതിർപക്ഷം പറയുന്നു.
ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലായിരുന്നു ജയനെതിരെ നടപടി. മുല്ലക്കര രത്നാകരനാണ് പകരം ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകിയിരിക്കുന്നത്. എ.പി.ജയൻ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതിയിൽ നാല് അംഗ പാർട്ടി കമ്മീഷൻ അന്വേഷണം നടത്തിയിരുന്നു. ഈ കമ്മീഷന്റെ നിർദേശ പ്രകാരമാണ് എപി ജയനെതിരെ നടപടിയുണ്ടായത്. ജയനെ തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ സ്ഥാനങ്ങളിൽ നിന്നും നീക്കാനും തീരുമാനമായിട്ടുണ്ട്.
എന്നാൽ പാർട്ടി നടപടിയെ കുറിച്ച് അറിയില്ലെന്നാണ് എ.പി.ജയന്റെ പ്രതികരണം. താൻ സംസ്ഥാന കൗൺസിൽ അംഗമാണ്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചർച്ചചെയ്ത് നടപടി എടുക്കേണ്ടത് ആ ഘടകത്തിലാണ്. അത് ഉണ്ടായിട്ടില്ലെന്നും ജയൻ പറഞ്ഞു. പാർട്ടി നടപടിയെക്കുറിച്ച് വിശദമായി പഠിച്ച് ശേഷം പ്രതികരിക്കാമെന്നും എ.പി. ജയൻ പ്രതികരിച്ചു.