തൃശൂർ: കേരളവർമ കോളജിൽ ചെയർമാൻ സ്ഥാനം എസ്.എഫ്.ഐക്ക്. ഹൈകോടതി ഉത്തരവ് പ്രകാരം നടത്തിയ റീകൗണ്ടിങ്ങിൽ മൂന്ന് വോട്ടിനാണ് എസ്.എഫ്.ഐ സ്ഥാനാർഥി അനിരുദ്ധ് ജയിച്ചത്. കെ.എസ്.യു ചെയര്മാന് സ്ഥാനാര്‍ഥി എസ്. ശ്രീക്കുട്ടന് നല്കിയ ഹരജിയില്‍ ഹൈകോടതി നിർദേശ പ്രകാരമാണ് വീണ്ടും വോട്ടെണ്ണിയത്.ആദ്യ വോട്ടെണ്ണലിൽ ഇടക്കിടെ വൈദ്യുതി തകരാറിലായത് അട്ടിമറിയുടെ ഭാഗമാണെന്ന ആരോപണം കെ.എസ്.യു ഉയർത്തിയിരുന്നു. ഇതുകൂടി പരിഗണിച്ച് ഇൻവെർട്ടർ സൗകര്യമുള്ള പ്രിൻസിപ്പലിന്റെ ചേംബറിലാണ് ഇന്ന് വോട്ടെണ്ണൽ നടന്നത്. വോട്ടെണ്ണൽ പൂർണമായും വിഡിയോയിൽ പകർത്തിയിട്ടുമുണ്ട്.
ആദ്യം വോട്ടെണ്ണിയപ്പോൾ 11 വോട്ടിനായിരുന്നു എസ്.എഫ്.ഐ സ്ഥാനാർഥിയുടെ വിജയം. ആദ്യം കെ.എസ്.യു സ്ഥാനാർഥി ഒരു വോട്ടിന് വിജയിച്ചെന്നവകാശപ്പെട്ട ചെയർപേഴ്സൺ പോസ്റ്റിൽ എസ്.എഫ്.ഐയുടെ ആവശ്യപ്രകാരം രാത്രി റീകൗണ്ടിങ് നടത്തുകയായിരുന്നു. തുടർന്ന് എസ്.എഫ്.ഐ സ്ഥാനാർഥി കെ.എസ്. അനിരുദ്ധൻ 11 വോട്ടിന് ജയിക്കുകയായിരുന്നു. അതേസമയം, റീകൗണ്ടിങ് കെ.എസ്.യു ബഹിഷ്കരിച്ചു.ആദ്യം വോട്ടെണ്ണിയപ്പോൾ കെ.എസ്.യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചതായാണ് പുറത്തുവന്ന വിവരം. ഇതോടെ കെ.എസ്.യു ക്യാമ്പുകളിൽ ആഹ്ലാദം തുടങ്ങി. 32 വർഷത്തിന് ശേഷമായിരുന്നു കേരളവർമ്മയിൽ ചെയർപേഴ്സൺ സ്ഥാനത്ത് കെ.എസ്.യു വിജയിക്കുന്നത്.
എന്നാൽ, വോട്ടുകൾ തുല്യമാണെന്നും ആരും വിജയിച്ചതായി പ്രഖ്യാപിച്ചിട്ടില്ലെന്നും എസ്.എഫ്.ഐ അവകാശപ്പെട്ടു. റീകൗണ്ടിങ് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, റീകൗണ്ടിങ്ങിനെ കെ.എസ്.യു എതിർത്തു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും ആരോപിച്ചു.ഇടതുപക്ഷ സംഘടനക്കാരായ അധ്യാപകർ ഇടപെട്ട് റീകൗണ്ടിങ് അട്ടിമറിക്കുന്നുവെന്ന് കെ.എസ്.യു ആരോപിച്ചു. പരാതിയെ തുടർന്ന് പ്രിൻസിപ്പൽ ഇടപെട്ട് റീകൗണ്ടിങ് നിർത്തിവെപ്പിച്ചു. കെ.എസ്.യു പ്രവർത്തകർക്ക് പിന്തുണയുമായി ഡി.സി.സി പ്രസിഡന്‍റ് അടക്കമുള്ളവർ കോളജിന് പുറത്തെത്തുകയും ചെയ്തു. എന്നാൽ, പ്രിൻസിപ്പാളിന്റെ എതിർപ്പ് അവഗണിച്ച് റിട്ടേണിങ് ഓഫിസറുടെ നേതൃത്വത്തിൽ വോട്ടെണ്ണൽ പുനരാരംഭിച്ചു. ഇതോടെ എസ്.എഫ്.ഐ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് കെ.എസ്.യു റീകൗണ്ടിങ് ബഹിഷ്കരിക്കുകയായിരുന്നു. തുടർന്ന് കെ.എസ്.യു സ്ഥാനാർഥി തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ ഹൈകോടതിയിൽ ഹരജി നൽകുകയും കോടതി ഇടപ്പെട്ട് എസ്.എഫ്.ഐ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കുകയും വീണ്ടും വോട്ടെണ്ണൽ നടത്താൻ ഉത്തരവിടുകയുമായിരുന്നു.