കൊല്ലം∙ ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ, പ്രതി പത്മകുമാറിന്റെ മൊഴി വിശ്വസനീയമല്ലെന്ന് കെ.ബി. ഗണേഷ്കുമാർ എംഎൽഎ. അഞ്ചു കോടി രൂപ കടമുള്ളയാൾ അതു തീർക്കാൻ സാധാരണക്കാരനായ ഒരാളുടെ കുട്ടിയെ തട്ടിക്കൊണ്ടു പോയി 10 ലക്ഷം രൂപ ആവശ്യപ്പെട്ടത് വിശ്വാസിക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘അഞ്ചു കോടി രൂപ കടമുള്ളയാൾ സാധാരണക്കാരന്റെ കുട്ടിയെ തട്ടിക്കൊണ്ടു പോയി 10 ലക്ഷം രൂപ ചോദിച്ചത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. കേരളത്തിലെ ഏതു കുറ്റകൃത്യമാണ് പിടിക്കപ്പെടാത്തത്. ഒരുപക്ഷേ ഇത് മാധ്യമങ്ങളിലൂടെ പുറത്തെത്തിയില്ലായിരുന്നെങ്കിൽ ആ കുടുംബം ഭയന്ന് പണം നൽകിയേനെ. പക്ഷേ അപ്പോഴേക്കും പൊലീസ് മാധ്യമങ്ങളും നാട്ടുകാരം രംഗത്തുവന്നതോടെ എല്ലാം കൈവിട്ടുപോയി.
‘‘കേരള പൊലീസ് ഇക്കാര്യത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു. കുഞ്ഞിനെ ദൂരേയ്ക്കു കൊണ്ടുപോകുന്നത് തടയുന്നതിൽ പൊലീസിനെപ്പോലെ തന്നെ മാധ്യമങ്ങളും നല്ല സഹായം ചെയ്തിട്ടുണ്ട്. ഈ വാർത്ത ആദ്യം വരുന്നത് എന്റെയടുത്താണ്. ഇത് രഹസ്യമായി വെളിയിൽ പറഞ്ഞുകൊടുക്കുന്നതും ഞാനാണ്. കാരണം പൊലീസ് അന്വേഷിക്കാൻ തുടങ്ങിയെങ്കിലും ജനങ്ങൾ അറിഞ്ഞെങ്കിൽ മാത്രമേ ഇത് ബ്ലോക്ക് ചെയ്യാൻ പറ്റൂ എന്ന് എനിക്കു മനസ്സിലായി. വാർത്ത വന്നാൽ കടകളിലും മറ്റും ആളുകൾ അലർട്ട് ആകും. അതിന് ഏറ്റവും നല്ലത് മാധ്യമങ്ങൾ ആണെന്നു തോന്നിയിട്ടാണ് ഞാൻ വാർത്തയാക്കണം എന്നു പറഞ്ഞത്. അപ്പോൾത്തന്നെ വാർത്തയായി. മാധ്യമങ്ങൾ രംഗത്തുവന്നതോടെ ജനങ്ങൾ ജാഗരൂകരായി. അതാണ് ഗുണം ചെയ്തതെന്ന് ഇന്ന് എഡിജിപി പറയുകയുണ്ടായി.