ഹ്യൂസ്റ്റണിൽ ശരത്കാല ആഘോഷ പൂരമൊരുക്കാൻ മാഗ് കാർണിവൽ 2026; കേരള ഹൗസ് ഉദ്ഘാടനവും വിപുലമായ കായികമേളകളും

Global Indian Writer · November 20, 2026 · 1 min read · 0 Comments · 0 Shares

നവംബർ 22ന് മാഗ് കാർണിവൽ; 21ന് സോക്കർ ടൂർണമെന്റ്; ഡിസംബർ 5ന് ബാഡ്മിന്റൺ, പിക്കിൾബോൾ മത്സരങ്ങൾ

ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ പ്രമുഖ സാംസ്കാരിക സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) നാൽപ്പതാം വാർഷികത്തിന്റെ നിറവിൽ സംഘടിപ്പിക്കുന്ന മാഗ് കാർണിവൽ 2026 ഹൂസ്റ്റണിലെ മലയാളികൾക്ക് ആവേശകരമായ ആഘോഷവിരുന്നൊരുക്കുന്നു. കലയും സംഗീതവും ഭക്ഷണവൈവിധ്യങ്ങളും കായികമത്സരങ്ങളും ഒത്തുചേരുന്ന വിപുലമായ ആഘോഷപരിപാടികളാണ് മാഗ് ഒരുക്കിയിരിക്കുന്നത്.

നവംബർ 22 ഞായറാഴ്ച വൈകിട്ട് 3 മണി മുതൽ സ്റ്റാഫോർഡിലെ കേരള ഹൗസിലാണ് കാർണിവൽ നടക്കുന്നത്. പുതുതായി നവീകരിച്ച കേരള ഹൗസിന്റെ ഔപചാരിക ഉദ്ഘാടനവും കാർണിവലിനോടനുബന്ധിച്ച് നടക്കും. മലയാളി സമൂഹത്തിന്റെ സാംസ്കാരിക കൂട്ടായ്മയുടെ കേന്ദ്രമായ കേരള ഹൗസ് കൂടുതൽ സൗകര്യങ്ങളോടെ വീണ്ടും സജീവമാകുന്നതും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.

സംഗീതപരിപാടികൾ, കലാവിരുന്നുകൾ, വിനോദപരിപാടികൾ, കേരളീയ ഭക്ഷണവിഭവങ്ങൾ തുടങ്ങി കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ആഘോഷങ്ങളാണ് കാർണിവലിന്റെ പ്രധാന ആകർഷണം. കുടുംബസമേതം ഒത്തുചേരാനും സൗഹൃദങ്ങൾ പുതുക്കാനും പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനുമുള്ള അവസരമായി കാർണിവൽ മാറും. ജാതിമതഭേദമന്യേ എല്ലാവർക്കും പരിപാടിയിൽ പങ്കെടുക്കാം.

സോക്കർ ടൂർണമെന്റ് നവംബർ 21ന്

കാർണിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സോക്കർ ടൂർണമെന്റ് നവംബർ 21 ശനിയാഴ്ച ഷുഗർലാൻഡിലെ ന്യൂ ടെറിട്ടറി സ്പോർട്സ് കോംപ്ലക്സിൽ (5350 New Territory Blvd, Sugar Land, TX 77479) നടക്കും.

ഓപ്പൺ വിഭാഗം (9 കളിക്കാർ), 35 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗം (7 കളിക്കാർ) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. ഓരോ ടീമിനും 250 ഡോളറാണ് രജിസ്ട്രേഷൻ ഫീസ്.

ഓപ്പൺ വിഭാഗത്തിൽ ഒന്നാം സമ്മാനമായി 701 ഡോളറും ട്രോഫിയും രണ്ടാം സമ്മാനമായി 501 ഡോളറും ട്രോഫിയും നൽകും. 35 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ ഒന്നാം സമ്മാനം 501 ഡോളറും ട്രോഫിയും രണ്ടാം സമ്മാനം 301 ഡോളറും ട്രോഫിയുമാണ്. കായികപ്രേമികൾക്ക് ആവേശകരമായ മത്സരങ്ങൾ സമ്മാനിക്കുന്നതിനൊപ്പം മലയാളി യുവജനങ്ങൾക്കിടയിൽ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുകയാണ് ടൂർണമെന്റിന്റെ ലക്ഷ്യം.

ബാഡ്മിന്റൺ ടൂർണമെന്റിൽ 3,500 ഡോളറിലധികം ക്യാഷ് പ്രൈസുകൾ

മാഗിന്റെ നേതൃത്വത്തിൽ ഡിസംബർ 5 ശനിയാഴ്ച രാവിലെ 8 മണി മുതൽ സ്റ്റാഫോർഡിലെ ഹൂസ്റ്റൺ ബാഡ്മിന്റൺ സെന്ററിൽ (10550 W Airport Blvd, Stafford, TX 77477) ബാഡ്മിന്റൺ ടൂർണമെന്റ് നടക്കും.

ഓപ്പൺ വിഭാഗം, 40 വയസ്സിനു മുകളിലുള്ളവർ, 50 വയസ്സിനു മുകളിലുള്ള സീനിയേഴ്സ് വിഭാഗം, വനിതാ വിഭാഗം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

3,500 ഡോളറിലധികം ക്യാഷ് പ്രൈസുകളും ട്രോഫികളുമാണ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ പ്രധാന ആകർഷണം. ഒരാൾക്ക് 50 ഡോളറാണ് രജിസ്ട്രേഷൻ ഫീസ്. നവംബർ 30 വരെയാണ് രജിസ്ട്രേഷൻ സ്വീകരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് സ്പോർട്സ് കോർഡിനേറ്റർ സാജൻ ജോൺ (832-779-5966), യൂത്ത് പ്രതിനിധി മൈക്കിൾ ജോയ് (832-732-1409) എന്നിവരുമായി ബന്ധപ്പെടാം.

പിക്കിൾബോൾ ടൂർണമെന്റും ഡിസംബർ 5ന്

മലയാളി സമൂഹത്തിൽ കായികരംഗത്തെ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായി മാഗ് സംഘടിപ്പിക്കുന്ന പിക്കിൾബോൾ ടൂർണമെന്റും ഡിസംബർ 5 ശനിയാഴ്ച രാവിലെ 8 മണി മുതൽ ഹൂസ്റ്റൺ ബാഡ്മിന്റൺ സെന്ററിൽ നടക്കും.

ഓപ്പൺ വിഭാഗം, 40 മുതൽ 54 വയസ്സുവരെയുള്ളവർ, 55 വയസ്സിനു മുകളിലുള്ളവർ, വനിതാ വിഭാഗം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ.
എല്ലാ വിഭാഗങ്ങളിലും വിജയികൾക്ക് ക്യാഷ് പ്രൈസുകളും ട്രോഫികളും നൽകും. രജിസ്ട്രേഷൻ ഫീസ് ഒരാൾക്ക് 50 ഡോളറാണ്. നവംബർ 30 ആണ് രജിസ്ട്രേഷന്റെ അവസാന തീയതി.
കൂടുതൽ വിവരങ്ങൾക്ക് സാജൻ ജോൺ (832-779-5966), മൈക്കിൾ ജോയ് (832-732-1409), അനിത് ഫിലിപ്പ് (832-454-3167), റെജി കോട്ടയം (832-723-7995) എന്നിവരുമായി ബന്ധപ്പെടാം.

നാൽപ്പതാം വാർഷികത്തിന്റെ നിറവിൽ മാഗ്

1986ൽ സ്ഥാപിതമായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ നാൽപ്പത് വർഷത്തെ പ്രവർത്തനപാരമ്പര്യവുമായി ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക, സാമൂഹിക, കായിക മേഖലകളിൽ സജീവ സാന്നിധ്യമാണ്.

മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക പൈതൃകവും നിലനിർത്തുന്നതിനൊപ്പം പുതുതലമുറയെ സംഘടനാ പ്രവർത്തനങ്ങളിലേക്കും കായികരംഗത്തേക്കും ആകർഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിപുലമായ കാർണിവലും കായികമത്സരങ്ങളും സംഘടിപ്പിക്കുന്നത്.

പ്രസിഡന്റ് റോയ് മാത്യു, വൈസ് പ്രസിഡന്റും പ്രോഗ്രാം കോർഡിനേറ്ററുമായ ഷിനു എബ്രഹാം, സെക്രട്ടറി വിനോദ് ചെറിയാൻ, ട്രഷറർ സുനിൽ തങ്കപ്പൻ,ഭാരവാഹികളായ സന്തോഷ് ആറ്റ്പുരം,ജീവൻ സൈമൺ,സുബിൻ ബാലകൃഷണൻ,ജിൻസ് മാത്യു,സാജൻ ജോൺ,ബിജു ശിവൻ,ബനീജ ചെറു,അനിലാ സന്ദീപ്,അമ്പിളി ആൻ്റണി,ഡെന്നീസ് മാത്യു,മൈക്കിൾ ജോയി,
എന്നിവർ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ പ്രവർത്തിച്ച് പരിപാടികൾക്ക് നേതൃത്വം നൽകുന്നു.
മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും ആഘോഷമായി മാഗ് കാർണിവൽ 2026 മാറുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. ഹൂസ്റ്റണിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ മലയാളി കുടുംബങ്ങളെയും സുഹൃത്തുക്കളെയും കാർണിവലിലേക്കും കായികമത്സരങ്ങളിലേക്കും മാഗ് ഭാരവാഹികൾ ഹാർദവമായി സ്വാഗതം ചെയ്തു.

കാർണിവൽ വേദി: കേരള ഹൗസ്, 1415 Packer Lane, Stafford, Texas 77477.

Share this story

Leave a Comment

Your comment will be visible after admin approval.