സമൂഹമാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ച മെലഡിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള സെല്‍ഫി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലോനി പങ്കുവച്ചത് നെറ്റിസണ്‍മാരെ ആവേശത്തിലാക്കി. ഒപ്പം മെലഡി എന്ന ഹാഷ്ടാഗും തരംഗമായി.
നരേന്ദ്ര മോദി ജോര്‍ജ മെലോനി ഇരുവരും വലതുപക്ഷ നേതാക്കള്‍. പ്രധാനമന്ത്രിമാര്‍. യുഎഇയില്‍ കാലാവസ്ഥ ഉച്ചകോടയില്‍ പങ്കെടുക്കവേ മോദിക്കൊപ്പമുള്ള സെല്‍ഫി ജോര്‍ജ മെലോനി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. നല്ല സുഹൃത്തുകള്‍ എന്ന അടിക്കുറിപ്പോടെയുള്ള ചിത്രം വൈറലായി. ജോര്‍ജ മെലോനി ഉപയോഗിച്ച മെലഡി എന്ന വാക്ക് ഏറെ അമ്പരപ്പുണ്ടാക്കി. ജോര്‍ജ മെലോനിയുടെയും നരേന്ദ്ര മോദിയുടെയും സര്‍ നെയിമുകളിലെ അക്ഷരങ്ങള്‍ ചേര്‍ത്തുവച്ച് സൃഷ്ടിച്ചതാണ് മെലഡി എന്ന വാക്ക്. 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മെലോനിയെ പ്രചാരണത്തിന് കൊണ്ടുവരണമെന്നത് അടക്കം സമൂഹമാധ്യമങ്ങളില്‍ പ്രതികരണം ഉയര്‍ന്നിട്ടുണ്ട്. ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിക്കിടയിലെ മോദിയുടെയും മെലോനിയുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ലോകത്തിന് ഏറ്റവും പ്രിയപ്പെട്ട നേതാവ് എന്നാണ് അന്ന് മോദിയെ മെലോനി വിശേഷിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകനായ പങ്കാളിയുമായി മെലോനി അടുത്തയിടെ വേര്‍പിരിഞ്ഞത് വാര്‍ത്തയായിരുന്നു.