തെലങ്കാനയിലെ വമ്പൻ വിജയത്തിന് പിന്നിൽ കൂട്ടായ പ്രവർത്തനമെന്ന് ഡികെ ശിവകുമാർ. മുഖ്യമന്ത്രി ആരെന്ന് പാർട്ടി തീമരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതികൾ പുറത്തുവിടാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ഡികെ ശിവകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. 119 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 63 സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറ്റം. മൂന്നാം മൂഴം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട ബിആർഎസിന് തിരിച്ചടിയായി.
ഭരണവിരുദ്ധവികാരമാണ് തെലങ്കാനയിൽ കോൺഗ്രസിനെ അധികാരത്തിലേക്കെത്തിക്കുന്നത്. ഭരണത്തുടർച്ച പ്രതീക്ഷിച്ച ബിആർഎസ് 40 സീറ്റുകളിൽ ഒതുങ്ങി. സംസ്ഥാനം രൂപീകരിച്ച ശേഷം ഇതാദ്യമായി ബി ആർ എസ് അല്ലാതെ മറ്റൊരു പാർട്ടി തെലങ്കാന ഭരിക്കാൻ കളമൊരുങ്ങുന്നത്. എക്സിറ്റ് പോളിൽ കോൺഗ്രസിന് തെലങ്കാന കൈകൊടുക്കുമെന്ന് പ്രവചനങ്ങൾ യാഥാർഥ്യമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ.
തെലങ്കാനയിൽ ബിജെപി 9 സീറ്റുകളിൽ വിജയമുറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഗജ്വെൽ, കാമറെഡ്ഡി എന്നീ രണ്ട് സീറ്റുകളിലാണ് മത്സരിച്ചത്. കെ സി ആർ സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത് എന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം.